ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച എം.എസ് ധോനിയോട് ബിസിസിഐ ചെയ്തത് ശരിയായില്ലെന്ന് വ്യക്തമാക്കി പാകിസ്താന്റെ മുൻതാരം സഖ്ലെയ്ൻ മുഷ്താഖ്. ഇന്ത്യക്കായി ഇത്രയേറെ നേട്ടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനാണ് ധോനി. ധോനിക്ക് ഇത്തരമൊരു യാത്രയയപ്പല്ല പ്രതീക്ഷിച്ചത്. വിരമിക്കൽ മത്സരത്തിനുപോലും അവസരം ലഭിക്കാതെ ധോനി കളമൊഴിഞ്ഞത് വേദനിപ്പിച്ചു- സഖ്ലെയ്ൻ പറയുന്നു.

ധോനിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ തീർച്ചയായും ഈ പരാതിയുണ്ടാകും. ധോനി ഒരിക്കൽ കൂടി ഇന്ത്യൻ ജഴ്സി അണിഞ്ഞ ശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചതെങ്കിൽ അതിൽ കുറച്ചുകൂടി ബഹുമാനമുണ്ടാകുമായിരുന്നു. ധോനിയെപ്പോലെ മഹാനായ ഒരു താരത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ ബി.സി.സി.ഐയ്ക്ക് സാധിച്ചില്ലെന്നത് അവരുടെ തന്നെ നഷ്ടമാണ്. അദ്ദേഹം വിരമിക്കേണ്ടിയിരുന്നത് ഇങ്ങനെയല്ല. ഇക്കാര്യം കോടിക്കണക്കിന് ആരാധകരും സമ്മതിക്കുമെന്ന് എനിക്കുറപ്പാണ്.'- തന്റെ യുട്യൂബ് ചാനലിലൂടെ മുഷ്താഖ് പറയുന്നു.

മുമ്പ്ഇതേ അഭിപ്രായവുമായി പാകിസ്താന്റെ മുൻ പേസ് ബൗളർ ഷുഐബ് അക്തറും രംഗത്തെത്തിയിരുന്നു. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ ധോനിയെ കളിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും അക്തർ ആവശ്യപ്പെട്ടിരുന്നു.

content highlights: BCCI Did Not Treat MS Dhoni The Right Way says Saqlain Mushtaq