ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ പുതുക്കിയ വാര്‍ഷിക കരാര്‍ പട്ടിക പ്രഖ്യാപിച്ചു. 

ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവരെ എ പ്ലസ് ഗ്രേഡ് കരാര്‍ പട്ടികയില്‍ നിലനിര്‍ത്തി. ഇവര്‍ക്ക് ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലമായി ലഭിക്കും.

ഹാര്‍ദിക് പാണ്ഡ്യയാണ് കരാറില്‍ നേട്ടം സ്വന്തമാക്കിയ താരം. നേരത്തെ ഗ്രേഡ് ബി കരാറുണ്ടായിരുന്ന താരത്തിന് ഇത്തവണ ഗ്രേഡ് എയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അഞ്ചു കോടി രൂപയാണ് ഹാര്‍ദിക്കിന് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. 

അതേസമയം പരിക്ക് കാരണം ഏറെ നാളായി ടീമിന് പുറത്തായിരുന്ന ഭുവനേശ്വര്‍ കുമാറിനെ തരംതാഴ്ത്തി. നേരത്തെ ഗ്രേഡ് എ കരാറുണ്ടായിരുന്ന താരത്തെ ഗ്രേഡ് ബിയിലേക്കാണ് തരംതാഴ്ത്തിയത്. കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഗ്രേഡ് സിയിലേക്കും തരംതാഴ്ത്തി.

കേദാര്‍ ജാദവിന് ഇത്തവണ കരാറില്‍ ഇടംപിടിക്കാനായില്ല. യുവ താരങ്ങളായ മുഹമ്മദ് സിറാജിനും ശുഭ്മാന്‍ ഗില്ലിനും ഗ്രേഡ് സി കരാര്‍ ലഭിച്ചു. 

ഗ്രേഡ് എ പ്ലസ്: വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ (7 കോടി)

ഗ്രേഡ് എ: രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ (5 കോടി)

ഗ്രേഡ് ബി: വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍, മായങ്ക് അഗര്‍വാള്‍ (3 കോടി)

ഗ്രേഡ് സി: കുല്‍ദീപ് യാദവ്, നവദീപ് സെയ്‌നി, ദീപക് ചാഹര്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ് (1 കോടി).

Content Highlights: BCCI central contracts 2020-21 Hardik Pandya in Grade A