അഹമ്മദാബാദ്: 2022-ലെ ഐ.പി.എല്‍ സീസണില്‍ ഇനി 10 ടീമുകള്‍ മാറ്റുരയ്ക്കും. രണ്ടു ടീമുകളെ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാക്കാനുള്ള നിര്‍ദേശത്തിന് ബി.സി.സി.ഐ അനുമതി നല്‍കിയതോടെയാണിത്.
വ്യാഴാഴ്ച അഹമ്മദാബാദില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഐ.പി.എല്ലില്‍ ഇതാദ്യമായാണ് 10 ടീമുകള്‍ മത്സരിക്കാന്‍ പോകുന്നത്. നേരത്തെ 2011, 2012, 2013 സീസണുകളില്‍ ഒമ്പത് ടീമുകള്‍ വീതം ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.
അടുത്ത വര്‍ഷത്തെ സീസണ്‍ സാധരണ പോലെ എട്ടു ടീമുകളെ പങ്കെടുപ്പിച്ച് നടക്കും. തുടര്‍ന്നാകും 2022-ല്‍ പുതുതായി വരുന്ന രണ്ടു ടീമുകള്‍ക്കായുള്ള ലേലം നടക്കുക.
രണ്ടു ടീമുകള്‍ കൂടി കൂടുതലായി വരുന്നതോടെ 2022 സീസണില്‍ 94 മത്സരങ്ങളോളം ഉണ്ടാകുമെന്നും ബി.സി.സി.ഐ അധികൃതര്‍ അറിയിച്ചു.
Content Highlights: BCCI approves 10 team IPL from 2022 at AGM