മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി മുന്‍ താരം കൂടിയായ രമേഷ് പവാറിനെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് പവാര്‍ പരിശീലക സ്ഥാനത്തെത്തുന്നത്. 2018-ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പരിശീലിപ്പിച്ചത് പവാറായിരുന്നു. ഡബ്ല്യു.വി രാമന് പകരമാണ് പവാറിന്റെ നിയമനം. 2018 മുതല്‍ 2021 വരെ ടീമിനെ പരിശീലിപ്പിച്ചത് രാമനായിരുന്നു. 

ബി.സി.സി.ഐയുടെ മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പവാറിനെ വനിതാ ടീം പരിശീലകനായി തിരഞ്ഞെടുത്തത്. സുലക്ഷണ നായിക്, മദന്‍ ലാല്‍, ആര്‍.പി സിങ് എന്നിവരടങ്ങിയ ഉപദേശക സമിതി അപേക്ഷകരുമായി അഭിമുഖം നടത്തി ഐകകണ്‌ഠ്യേനയാണ് പവാറിന്റെ പേര് നിര്‍ദേശിച്ചത്. 

ഇംഗ്ലണ്ട് പര്യടനമാണ് നിയുക്ത പരിശീലകന്റെ മുന്നിലുള്ള ആദ്യ ദൗത്യം. ഇന്ത്യന്‍ വനിതകള്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ട്വന്റി 20 മത്സരങ്ങളും ഇംഗ്ലണ്ടില്‍ കളിക്കും. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ വരുംദിവസങ്ങളില്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും.

മുന്‍ ഇന്ത്യന്‍ താരമായ പവാര്‍ രണ്ടു ടെസ്റ്റുകളും 31 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. പിന്നീട് കോച്ചിങ്ങിലേക്ക് തിരിഞ്ഞ അദ്ദേഹം ഇസിബി ലെവല്‍ 2 സര്‍ട്ടിഫൈഡ് പരിശീലകനാണ്. നേരത്തെ 2018 ജൂലായ് മുതല്‍ നവംബര്‍ വരെ ഇന്ത്യന്‍ വനിതാ ടീമിനെ പരിശീലിപ്പിച്ചിരുന്നു. അദ്ദേഹം പരിശീലകനായിരിക്കുമ്പോഴാണ് ഇന്ത്യ 2018-ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിന് യോഗ്യത നേടിയത്.

Content Highlights: BCCI appoints Ramesh Powar as head coach of Indian women s cricket team