ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 

15 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസീലന്‍ഡ് വേദിയാകുന്ന ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക വെറ്ററന്‍ താരം മിതാലി രാജാണ്. ഹര്‍മന്‍പ്രീത് കൗറാണ് വൈസ് ക്യാപ്റ്റന്‍.

മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ലോകകപ്പ്. ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ ജെമീമ റോഡ്രിഗസ്, പേസര്‍ ശിഖ പാണ്ഡെ എന്നിവരെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ചര്‍ച്ചയായിക്കഴിഞ്ഞു. മോശം ഫോം ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും ഒഴിവാക്കിയത്.

മാര്‍ച്ച് ആറിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാര്‍ച്ച് 10-ന് ന്യൂസീലന്‍ഡ്, മാര്‍ച്ച് 12-ന് വെസ്റ്റിന്‍ഡീസ്, മാര്‍ച്ച് 16-ന് ഇംഗ്ലണ്ട്, മാര്‍ച്ച് 19-ന് ഓസ്‌ട്രേലിയ, മാര്‍ച്ച് 22-ന് ബംഗ്ലാദേശ്, മാര്‍ച്ച് 17-ന് ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍.

ഏകദിന ലോകകപ്പിന് മുന്‍പായി ന്യൂസീലന്‍ഡില്‍ ഏകദിന പരമ്പരയും ഇന്ത്യന്‍ സംഘം കളിക്കും. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിനുള്ള 15 അംഗ സംഘം തന്നെയാണ് ഈ പരമ്പരയിലും കളിക്കുക. ഫെബ്രുവരി 11 മുതലാണ് ന്യൂസീലന്‍ഡ് പരമ്പര ആരംഭിക്കുന്നത്. 

ഇന്ത്യന്‍ ടീം: മിതാലി രാജ് (ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍ (വൈസ് ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷഫാലി വര്‍മ, യസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), സ്നേഹ് റാണ, ജുലന്‍ ഗോസ്വാമി, പൂജ വസ്ത്രാകര്‍, മേഘ്ന സിങ്, രേണുക സിങ് താക്കൂര്‍, താനിയ ഭാട്ടിയ, രാജേശ്വരി ഗെയ്ക്‌വാദ്, പൂനം യാദവ്.

Content Highlights: bcci announces indian 15 member squad for the Women s odi world cup