ന്യൂഡല്‍ഹി:  ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ. സ്മൃതി മന്ദാന, ട്വന്റി-20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, പൂനം യാദവ് എന്നിവരാണ് എ ഗ്രേഡിലുള്ളത്. വെറ്ററന്‍ താരങ്ങളായ മിതാലി രാജും ജുലന്‍ ഗോസ്വാമിയും ബി ഗ്രേഡിലാണുള്ളത്. ഷഫാലി വര്‍മയെ സിയില്‍ നിന്ന് ബിയിലേക്ക് ഉയര്‍ത്തി.

19 പേരുടെ വാര്‍ഷിക കരാറാണ് നിലനിര്‍ത്തിയത്. വേദ കൃഷ്ണമൂര്‍ത്തി, ഏക്താ ബിഷ്, അനൂജ പാട്ടില്‍, ഡി ഹേമലത എന്നിവരെ കരാറില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചതാണ് ഷഫാലിയെ ബി കാറ്റഗറിയിലേക്ക് എത്താന്‍ സഹായിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി മുംബൈയില്‍ ബയോ ബബ്ള്‍ സുരക്ഷയിലാണ് ഇന്ത്യന്‍ ടീം ഇപ്പോഴുള്ളത്.

ഈ വര്‍ഷം ഒക്ടബോര്‍ മുതല്‍ അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെയാണ് കരാര്‍. എ ഗ്രേഡിലുള്ള താരങ്ങള്‍ക്ക് 50 ലക്ഷം രൂപയും ബി ഗ്രേഡിലുള്ള കളിക്കാര്‍ക്ക് 30 ലക്ഷം രൂപയും ലഭിക്കും. സി ഗ്രേഡില്‍ 10 ലക്ഷം രൂപയാണ് വാര്‍ഷിക പ്രതിഫലം.

Content Highlights: BCCI Announces Annual Contracts For Womens Team