ന്യൂഡല്‍ഹി: ഈ മാസം അവസാനം ന്യൂസീലന്‍ഡിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ടു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലിക്ക് ആദ്യ ടെസ്റ്റില്‍ വിശ്രമം അനുവദിച്ചതിനാല്‍ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. ചേതേശ്വര്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍.

രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയ സ്ഥിരം അംഗങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയില്‍ ഏതാനും പുതിയ മുഖങ്ങളുമുണ്ട്. 

ശ്രേയസ് അയ്യര്‍ക്ക് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ വൃദ്ധിമാന്‍ സാഹയാകും ടീമിന്റെ വിക്കറ്റ് കീപ്പര്‍. ആന്ധ്രാപ്രദേശിന്റെ ശ്രീകര്‍ ഭരതും ടീമിലുണ്ട്.

നവംബര്‍ 25 മുതല്‍ കാണ്‍പുരിലാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്നിന് മുംബൈയില്‍ നടക്കും. രണ്ടാം ടെസ്റ്റിനു മുമ്പ് കോലി ടീമിനൊപ്പം ചേരും.

ഇന്ത്യന്‍ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Content Highlights: bcci announced 16 man squad for test series against new zealand