ധാക്ക: വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന് ബോഡി ഗാര്‍ഡിനെ ഏര്‍പ്പാടാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കൊല്‍ക്കത്തയില്‍ നടന്ന കാളിപൂജയില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് താരത്തിന് നേരെ വധഭീഷണിയുണ്ടായത്. 

ധാക്കയിലെ ഷെര്‍ ഇ ബംഗ്ല സ്റ്റേഡിയത്തില്‍ ഇന്ന് പരിശീലനത്തിനെത്തിയ ഷാക്കിബിനൊപ്പം ബോഡിഗാര്‍ഡും ഉണ്ടായിരുന്നു. ഷാക്കിബിനെതിരേ വധഭീഷണി മുഴക്കിയ യുവാവിനെ ബംഗ്ലാദേശ് പോലീസ് ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.  28 വയസ്സുകാരനായ മൊഹ്‌സിന്‍ താലുക്ദാറിനെയാണ് പോലീസ് പിടികൂടിയത്. 

നവംബര്‍ 12 നാണ് കൊല്‍ക്കത്തയില്‍ നടന്ന കാളിപൂജയില്‍ ഷാക്കിബ് പങ്കെടുത്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ താലുക്ദാര്‍ ഫെയ്‌സ്ബുക്ക്‌  ലൈവിലെത്തി ഷാക്കിബിനെ വെട്ടിനുറുക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ തന്റെ പ്രവൃത്തി മുസ്ലീം സമുദായത്തില്‍പ്പെട്ട ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരോട് മാപ്പു ചോദിക്കുന്നതായി ഷാക്കിബ് പറഞ്ഞിരുന്നു.

Content Highlights:  BCB Assigns Personal Bodyguard to Shakib Al Hasan