കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയുടെ നായകന്‍ തെംബ ബാവുമയ്ക്ക് പരിക്ക്. പാക്കിസ്താനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പേശിവലിവിനെത്തുടര്‍ന്ന് ബാവുമ ഇപ്പോള്‍ വിശ്രമത്തിലാണ്. 

ഇതോടെ പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയില്‍ താരം കളിക്കില്ല. ബാവുമയ്ക്ക് പകരം യുവതാരം ഹെയ്ന്റിച്ച് ക്ലാസ്സെന്‍ സൗത്ത് ആഫ്രിക്കയെ നയിക്കും. നാലുമത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

സൗത്ത് ആഫ്രിക്കയുടെ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ' ബാവുമ പരിക്ക് വകവെയ്ക്കാതെയാണ് മൂന്നാം ഏകദിനത്തില്‍ കളിച്ചത്. പക്ഷേ ഡ്രസ്സിങ് റൂമിലെത്തുമ്പോഴേക്കും പരിക്ക് വഷളായി. അദ്ദേഹത്തിന് നല്ല വേദന അനുഭവപ്പെട്ടു. ബാവുമയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ട്വന്റി 20 പരമ്പരയില്‍ അദ്ദേഹം കളിക്കില്ല'- ബൗച്ചര്‍ പറഞ്ഞു.

പാകിസ്താനെതിരായ ഏകദിന പരമ്പരയില്‍ സൗത്ത് ആഫ്രിക്ക 2-1 ന് പരാജയപ്പെട്ടിരുന്നു. ബാവുമയെക്കൂടാതെ റീസ ഹെന്‍ഡ്രിക്‌സ്, ഡ്വെയ്ന്‍ പ്രെറ്റോറിയസ്, റാസി വാന്‍ ഡെര്‍ ഡ്യൂസ്സന്‍ എന്നിവരും കളിക്കുമോ എന്ന കാര്യത്തില്‍ സംശമാണ്. 

ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം നാളെ സൗത്ത് ആഫ്രിക്കയിലെ വാന്‍ഡറേര്‍സ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

Content Highlights: Bavuma ruled out of T20I series due to hamstring strain, Klaasen to lead