ഒരുകാലത്ത് ബേസില്‍ തമ്പിയുടെ മനസ്സില്‍ ക്രിക്കറ്റ് ഒന്നുമായിരുന്നില്ല. എല്ലാവരേയും പോലെ വൈകുന്നേരങ്ങളില്‍ നേരം കളയാന്‍ വേണ്ടി മാത്രം ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന പയ്യനായിരുന്നു അവന്‍. പഠനത്തിന് ശേഷം ഗള്‍ഫില്‍ പോയി ജോലിയെടുത്ത് കുടുംബത്തെ സംരക്ഷിക്കണമെന്നായിരുന്നു അന്ന് ബേസിലിന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ പെരുമ്പാവൂരിലെ ക്രിക്കറ്റ് ക്ലബ്ബിലെത്തുകയും അഞ്ചു വര്‍ഷം മുമ്പ് കേരള അണ്ടര്‍-19 ടീമില്‍ ഇടം ലഭിക്കുകയും ചെയ്തതോടെ ബേസില്‍ കളി കാര്യമായെടുക്കുകയായിരുന്നു. ഇപ്പോള്‍ അരങ്ങേറ്റ സീസണില്‍ തന്നെ എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവും ഈ മലയാളി താരം നേടിയിരിക്കുന്നു.

പത്താം സീസണിന് മുന്നോടിയായുള്ള ലേലത്തിലൂടെയാണ് ബേസില്‍ തമ്പിയെ കേരളത്തിലെ കളിയാരാധകര്‍ അറിഞ്ഞു തുടങ്ങിയത്. സച്ചിന്‍ ബേബിയും സഞ്ജു സാംസണും മാത്രം പരിചിതമായിരുന്ന ഇടത്തേക്ക് 85 ലക്ഷം രൂപയുടെ മൂല്യവുമായി ബേസിലെത്തുകയായിരുന്നു. പത്ത് ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിലിനെ 85 ലക്ഷം മുടക്കി ഗുജറാത്ത് ലയണ്‍സ് ടീമിലെടുത്തത് അവന്റെ പ്രതിഭ തിരിച്ചറിഞ്ഞു തന്നെയാണ്. 

പത്താം സീസണില്‍ 12 മത്സരങ്ങള്‍ കളിച്ച ഗുജറാത്ത് ലയണ്‍സ് താരം 11 വിക്കറ്റുകളാണ് വീഴ്ത്തിയത്. കണക്കുകള്‍ പരിശോധിച്ചാല്‍ ബേസില്‍ അത്ര മികച്ച ബൗളറാണെന്ന് നമുക്ക് തോന്നില്ല. എന്നാല്‍ നേടിയ വിക്കറ്റുകളുടെ എണ്ണത്തിനപ്പുറമാണ് ബേസിലിന്റെ ബൗളിങ്ങിലെ മികവെന്ന് കളി കണ്ടവര്‍ക്ക് മനസ്സിലാകും. യോര്‍ക്കറുകളാണ് ബേസിലിന്റെ ശക്തി.

ഗെയ്‌ലിനെ വീഴ്ത്തി ഐ.പി.എല്ലിലെ കന്നി വിക്കറ്റ് ബേസില്‍ നേടിയതും മികച്ചൊരു യോര്‍ക്കറിലൂടെയായിരുന്നു. ഐ.പി.എല്ലില്‍ ഗുജറാത്തിന്റെ വിശ്വസ്ത ബൗളറായിരുന്ന ബേസില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സ്ലോ ബോള്‍ നന്നായി ചെയ്യുന്നതിനൊപ്പം ഡെത്ത് ഓവറിലും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഗെയ്‌ലിന് പുറമേ വിരാട് കോലി, കീറോണ്‍ പൊള്ളാര്‍ഡ്, സ്റ്റീവ് സ്മിത്ത്, എം.എസ് ധോനി, ഹാഷിം അംല തുടങ്ങിയ വമ്പന്‍മാരെല്ലാം ബേസിലിന്റെ ബൗളിങ്ങിന് മുന്നില്‍ വീണവരാണ്. 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തതാണ് ബേസിലിന്റെ മികച്ച പ്രകടനം. 

പത്താം സീസണ്‍ അവസാനിക്കുമ്പോഴേക്കും ബേസിലിനെ പ്രശംസിച്ചവര്‍ ഏറെയാണ്. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കറും ഗുജറാത്തിലെ സഹതാരം ഡ്വെയ്ന്‍ ബ്രാവോയുമെല്ലാം ബേസിലിന് അഭിനന്ദനമറിയിച്ചു. നല്ല പേസും സാങ്കേതിക മികവും കൈമുതലായുള്ള ബേസില്‍ ഇന്ത്യന്‍ ടീമിലെത്തുന്ന കാലം വിദൂരമല്ലെന്നാണ് ബ്രാവോ പറഞ്ഞത്.