മുംബൈ: ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി-ട്വന്റി പരമ്പരയിലേക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് മത്സരങ്ങളിലേക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പി ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി-ട്വന്റി ടീമില്‍ ഇടംപിടിച്ചു.
ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ കേരളാ പേസറും നാലാമത്തെ താരവുമാണ് ബേസില്‍ തമ്പി. ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ മുമ്പ് ഇടംനേടിയ മലയാളി താരങ്ങള്‍. നേരത്തെ ന്യൂസിലന്‍ഡിനെതിരേയുള്ള ഇന്ത്യന്‍ 'എ' ടീമില്‍ ഇടംപിടിച്ച ബേസില്‍ തമ്പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രഞ്ജിയിലെ മികവും തുണയായി.
ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് ടി-ട്വന്റികളടങ്ങിയ പരമ്പര ഈ മാസമാണ് നടക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. പകരം രോഹിത് ശര്‍മ്മയാണ് ടി-ട്വന്റി ക്യാപ്റ്റന്‍. അടുത്ത വര്‍ഷം ആദ്യമാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്ക സന്ദര്‍ശനം.
ശ്രീലങ്കയ്‌ക്കെതിരേ ടെസ്റ്റ്-ഏകദിന മത്സങ്ങള്‍ക്ക് ശേഷമാണ് ടി-ട്വന്റി. നിലവില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ടി-ട്വന്റി ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, എം.എസ്.ധോണി, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, ജയ്‌ദേവ് ഉനദ്കത്.
ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍) വിജയ് രാഹുല്‍, ശിഖര്‍ ധവാന്‍, പുജാര, രഹാനെ, (വൈസ്.ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, അശ്വിന്‍, ജഡേജ, പാര്‍ത്ഥീവ് പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.