ദുബായ്: ശ്രീലങ്കയ്ക്കെതിരേ ഏകദിനത്തിൽ ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന റാങ്കിങ്ങിൽ കുതിപ്പുമായി ഓഫ് സ്പിന്നർ മെഹ്ദി ഹസൻ. ഏകദിന ബൗളിങ് റാങ്കിങ്ങിൽ മൂന്നു സ്ഥാനം മുന്നിൽ കയറിയ മെഹ്ദി രണ്ടാം സ്ഥാനത്തെത്തി. ആദ്യ ഏകദിനത്തിൽ 30 റൺസിന് നാല് വിക്കറ്റെടുത്ത മെഹ്ദി രണ്ടാം ഏകദിനത്തിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി.

ആദ്യ രണ്ട് റാങ്കിനുള്ളിൽ എത്തുന്ന മൂന്നാമത്തെ മാത്രം ബംഗ്ലാദേശ് താരമാണ് മെഹ്ദി ഹസൻ. 2009-ൽ ഒന്നാം റാങ്കിലെത്തിയ ഓൾറൗണ്ടൽ ഷാക്കിബുൽ ഹസ്സനും 2010-ൽ രണ്ടാം റാങ്കിലെത്തിയ സ്പിന്നർ അബ്ദുൽ റസാഖുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങൾ.

ഇടങ്കയ്യൻ പേസ് ബൗളറായ മുസ്തഫിസുർ റഹ്മാനും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. എട്ടു സ്ഥാനങ്ങൾ മുന്നിൽ കയറിയ താരം ഒമ്പതാം റാങ്കിലെത്തി. ആദ്യ ഏകദിനത്തിലും രണ്ടാം ഏകദിനത്തിലും മൂന്നു വീതം വിക്കറ്റുകളാണ് മുസ്തഫിസുർ വീഴ്ത്തിയത്.

മുഷ്ഫിഖുർ റഹീമാണ് ബാറ്റിങ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ താരം. ആദ്യ ഏകദിനത്തിൽ 84 റൺസും രണ്ടാം ഏകദിനത്തിൽ 125 റൺസും അടിച്ചെടുത്ത മുഷ്ഫിഖുർ റഹീം കരിയറിലെ മികച്ച റാങ്കിങ്ങായ 14-ാം സ്ഥാനത്തെത്തി.

ലങ്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയിരുന്നു. ഇനി ഒരു ഏകദിനവും ഒരു ടെസ്റ്റും മാത്രമാണ് പരമ്പരയിൽ അവശേഷിക്കുന്നത്. ഇതോടെ ആദ്യമായി ഒരു ബൈലാറ്ററൽ പരമ്പര വിജയിക്കാനും ബംഗ്ലാദേശിന് കഴിഞ്ഞു.

Content Highlights: Bangladeshs Mehidy Hasan Moves Up To Second Spot In Bowlers List