ധാക്ക: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നാല് റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്. അവസാന ഓവറില്‍ കിവീസിന് ജയിക്കാന്‍ 20 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ കണിശതയോടെ അവസാന ഓവറില്‍ പന്തെറിഞ്ഞ പേസ്ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ ബംഗ്ലാദേശിന് രണ്ടാം വിജയം സമ്മാനിച്ചു. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ ആറിന് 141. ന്യൂസീലന്‍ഡ് 20 ഓവറില്‍ അഞ്ചിന് 137.

ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് 2-0 ന് മുന്നിലെത്തി. ന്യൂസീലന്‍ഡിനുവേണ്ടി ടോം ലാതം പുറത്താവാതെ 49 പന്തുകളില്‍ നിന്നും 65 റണ്‍സ് നേടി പൊരുതിയെങ്കിലും താരത്തിന് ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 39 റണ്‍സെടുത്ത മുഹമ്മദ് നയീമിന്റെയും പുറത്താവാതെ 37 റണ്‍സെടുത്ത മഹ്മദുള്ളയുടെയും 33 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിന്റെയും ബലത്തിലാണ് 141 റണ്‍സെടുത്തത്. കിവീസിനായി രചിന്‍ രവീന്ദ്ര നാലോവറില്‍ 22 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

142 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി ടോം ലാതം മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 22 റണ്‍സെടുത്ത വില്‍ യങ്ങും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

അവസാന ഓവറില്‍ കിവീസിന് വിജയിക്കാന്‍ 20 റണ്‍സായിരുന്നു വേണ്ടത്. ആദ്യ പന്തില്‍ കോള്‍ മക്കോന്‍ജി മൂന്ന് റണ്‍സെടുത്തു. രണ്ടാം പന്തില്‍ ടോം ലാതം ഒരു റണ്‍സെടുത്തു. മൂന്നാം പന്തില്‍ രണ്ട് റണ്‍സും നാലാം പന്തില്‍ ഒരു റണ്‍സും മാത്രം മുസ്താഫിസുര്‍ വിട്ടുനല്‍കി. ഇതോടെ രണ്ട് പന്തുകളില്‍ നിന്നും കിവീസിന് ജയിക്കാന്‍ 13 റണ്‍സ് എന്ന നിലയിലായി. എന്നാല്‍ അഞ്ചാം പന്ത് നോബോളായി. അതില്‍ ലാതം ബൗണ്ടറി കൂടി നേടിയതോടെ കിവീസിന്റെ വിജയലക്ഷ്യം രണ്ട് പന്തില്‍ നിന്നും എട്ട് റണ്‍സ് എന്നായി. എന്നാല്‍ അഞ്ചാം പന്തില്‍ രണ്ട് റണ്‍സും അവസാന പന്തില്‍ ഒരു റണ്‍സും മാത്രമാണ് കിവീസിന് നേടാനായത്. ഇതോടെ ബംഗ്ലാദേശ് 4 റണ്‍സിന്റെ വിജയം ആഘോഷിച്ചു. 

ബംഗ്ലാദേശിനായി മെഹ്ദി ഹസ്സനും ഷാക്കിബ് അല്‍ ഹസ്സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

Content Highlights: Bangladesh vs New Zealand second twenty 20