ധാക്ക: ബംഗ്ലാദേശിന്റെ പരിചയ സമ്പന്നനായ ഓള്‍റൗണ്ടര്‍ മഹ്മദുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 35 കാരനായ മഹ്മദുള്ള 2009 ലാണ് രാജ്യത്തിനുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 

50 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച മഹ്മദുള്ള 33.49 ശരാശരിയില്‍ 2914 റണ്‍സെടുത്തിട്ടുണ്ട്. അതില്‍ അഞ്ച് സെഞ്ചുറിയും 16 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടും. 43 വിക്കറ്റുകളും വീഴ്ത്തി. 12 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറാണ് മഹ്മദുള്ള അവസാനിപ്പിക്കുന്നത്. 

ഈ വര്‍ഷം ജൂലായില്‍ സിംബാബ്വെയ്‌ക്കെതിരേയാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. മത്സരത്തില്‍ മഹ്മദുള്ള പുറത്താവാതെ 150 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു. 

ഏകദിന മത്സരങ്ങളിലും ട്വന്റി 20യിലും സജീവമായി തുടരുമെന്ന് മഹ്മദുള്ള അറിയിച്ചു. ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിച്ചത് മഹ്മദുള്ളയാണ്. 

Content Highlights: Bangladesh veteran Mahmudullah retires from Test cricket