ധാക്ക: കളിക്കളത്തില്‍ പ്രകടിപ്പിക്കുന്ന ആക്രമണോത്സുകതയുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ളയാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പലപ്പോഴും താരത്തിന്റെ പെരുമാറ്റം അതിരുവിടുന്നതായി പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാലമത്രയായിട്ടും കോലിയുടെ ഈ സ്വഭാവത്തില്‍ മാത്രം മാറ്റം വന്നിട്ടില്ല.

ഇന്നാലിപ്പോഴിതാ കോലിയുടെ ചീത്തവിളിയെ അതേ നാണയത്തില്‍ ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍ നേരിട്ട കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇമ്രുല്‍ കയെസ്. ആ സംഭവത്തിനു ശേഷം കോലി പിന്നീടൊരിക്കലും തന്നെ ചീത്തവിളിക്കാന്‍ (സ്ലെഡ്ജിങ്) വന്നിട്ടില്ലെന്നും കയെസ് പറയുന്നു.

2011-ല്‍ ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സംഭവം. അന്ന് കോലി കളിക്കളത്തില്‍ വെച്ച് കയെസിനെ ചീത്തവിളിച്ചു. ജൂനിയര്‍ താരമായിരുന്ന കയെസ് തിരിച്ചൊന്നും പറഞ്ഞില്ല. എന്നാല്‍ ഇക്കാര്യം സീനിയര്‍ താരമായിരുന്ന തമീം ഇക്ബാലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തമീം, കോലിയെ തിരിച്ച് നന്നായി ചീത്തവിളിച്ചു. അതോടെ കോലി പിന്നീടൊരിക്കലും തന്നെ ചീത്തവിളിക്കാന്‍ വന്നിട്ടില്ലെന്നാണ് കയെസിന്റെ വെളിപ്പെടുത്തല്‍.

യുവ താരങ്ങളായിരിക്കെ ഓസ്‌ട്രേലിയയിലെ ഒരു ക്രിക്കറ്റ് അക്കാദമിയില്‍ കോലിക്കൊപ്പം ഒരു മാസം ചെലവഴിച്ചിരുന്നതായും കയെസ് പറഞ്ഞു. എന്നാല്‍ ആ അടുപ്പമൊന്നും ചീത്തവിളിയില്‍ നിന്ന് കോലിയെ പിന്നോട്ടടിച്ചിരുന്നില്ല. എന്നാല്‍ 2011-ലെ സംഭവത്തിനു ശേഷം ബംഗ്ലാദേശ് ടീമിലെ ആരെ ചീത്ത വിളിച്ചാലും കോലി തന്നെ വെറുതെ വിടുമെന്നും കയെസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയില്‍പ്പോലും കോലി ബംഗ്ലദേശ് താരങ്ങളെയെല്ലാം മാറിമാറി ചീത്തവിളിച്ചിരുന്നു. പക്ഷേ, തനിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല, കയെസ് വ്യക്തമാക്കി.

Content Highlights: Bangladesh player reveals how Tamim Iqbal silenced Virat Kohli