മൗണ്ട് മാന്‍ഗാനുവി: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. നാലാം ദിനം മത്സരം അവസാനിക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ന്യൂസീലന്‍ഡിന്റെ അഞ്ചു വിക്കറ്റുകള്‍ ബംഗ്ലാദേശ് പിഴുതെടുത്തിട്ടുണ്ട്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബംഗ്ലാദേശിന്റെ ഒരു ഡിആര്‍എസ് അപ്പീല്‍ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. 

ന്യൂസീലന്‍ഡ് രണ്ടാമിന്നിങ്‌സിലെ 37-ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശിന്റെ തസ്‌കിന്‍ അഹമ്മദിന്റെ ഫുള്‍ ലെങ്ത് ഡെലിവെറിയില്‍ റോസ് ടെയ്‌ലറുടെ ബാറ്റില്‍ മാത്രമാണ് ടച്ചുണ്ടായിരുന്നത്. എന്നാല്‍ ബംഗ്ലാദേശ് ഇത് എല്‍ബിഡബ്ല്യു ആണെന്ന് വാദിച്ച് ഡിആര്‍എസിന് നല്‍കി. എന്നാല്‍ റീപ്ലേയില്‍ ടെയ്‌ലറുടെ പാഡിന്റെ അടുത്തുപോലും പന്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി. 

ക്രിക്കറ്റിലെ ഏറ്റവും മോശം റിവ്യൂ എന്നാണ് ആരാധകര്‍ ഈ ഡിആര്‍എസിനെ വിലയിരുത്തുന്നത്. ലെഗ് ബിഫോര്‍ വിക്കറ്റിന് പകരം ബാറ്റ് ബിഫോര്‍ വിക്കറ്റ് ആയോ എന്നായിരുന്നു ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തികിന്റെ ട്വീറ്റ്.  ഈ മോശം റിവ്യൂവിന് ന്യൂസീലന്‍ഡിന് അധികം റണ്‍സ് കൊടുക്കണമെന്നും ആരാധകര്‍ പരിഹാസത്തോടെ ട്വീറ്റ് ചെയ്യുന്നു.

Content Highlights: Bangladesh DRS vs New Zealand Test Cricket