ധാക്ക: ഈയിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിലേറ്റ തോല്‍വിയുടെ ആഘാതം മറന്ന് പുതിയ പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. ബംഗ്ലാദേശുമായിട്ടാണ് പാകിസ്താന്‍ മത്സരിക്കുക. ബംഗ്ലാദേശില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കപ്പില്‍ മുത്തമിടാന്‍ ബാബര്‍ അസമിനും സംഘത്തിനും സാധിച്ചിരുന്നില്ല. ലോകകപ്പ് വേദിയായ യു.എ.ഇയില്‍ നിന്ന് പാക് താരങ്ങള്‍ നേരിട്ട് ബംഗ്ലാദേശിലേക്കാണ് പറന്നത്. വൈകാതെ പരിശീലനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പാകിസ്താന്റെ പരിശീലനം വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. 

പാകിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ സഖ്‌ലെയ്ന്‍ മുഷ്താഖിന്റെ പുതിയ തീരുമാനമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. താരങ്ങള്‍ക്ക് ആവേശവും ഊര്‍ജവും പകരുന്നതിനുവേണ്ടി പരിശീലനം നടത്തുന്ന ഗ്രൗണ്ടില്‍ മുഷ്താഖ് പാക് പതാക നാട്ടി. ഈ പതാക കാണുന്നതോടെ താരങ്ങള്‍ സര്‍വം മറന്ന് നാടിനുവേണ്ടി നന്നായി പരിശീലനം നടത്തുമെന്ന് മുഷ്താഖ് കണക്കുകൂട്ടി. 

എന്നാല്‍ മുഷ്താഖിന്റെ ഈ തീരുമാനം ബംഗ്ലാദേശില്‍ വലിയ ചര്‍ച്ചയായി. ആരാധകര്‍ രോഷംപൂണ്ടു. ബംഗ്ലാദേശില്‍ വന്നിട്ട് പാകിസ്താന്‍ കൊടി പാറിക്കാന്‍ താരങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? ഇത്രയും മോശപ്പെട്ട കാര്യം ക്രിക്കറ്റിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല എന്ന് തുടങ്ങുന്ന പല കമന്റുകളുമായി ബംഗ്ലാദേശ് ആരാധകര്‍ രംഗത്തെത്തി. നിരവധി രാജ്യങ്ങള്‍ ബംഗ്ലാദേശില്‍ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടുണ്ടെന്നും ഇത്തരത്തില്‍ രാജ്യത്തെ ആരും അപമാനിച്ചിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. പാകിസ്താന്‍ നാട്ടിലേക്ക് തിരിച്ചുപോകണമെന്നും കൊടി നാട്ടിയതില്‍ ക്ഷമ ചോദിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം. 

പതാകയുടെ അകമ്പടിയോടെ പാക് താരങ്ങള്‍ പരിശീലനത്തിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. നവംബര്‍ 19 നാണ് ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കും. 

Content Highlights: Bangladesh Cricket fans express disappointment upon seeing Pakistan national flag at training ground