സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ കറുത്ത അധ്യായമായിരുന്നു 2018-ലെ 'പന്തുചുരണ്ടല്‍' വിവാദം. 

പന്തുചുരണ്ടലിനെപ്പറ്റി ടീമിലെ ബൗളര്‍മാര്‍ക്കെല്ലാം അറിയാമായിരുന്നെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തിയതോടെ വിവാദത്തിന് വീണ്ടും ചൂടുപിടിക്കുകയാണ്.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ബൗളിങ് കോച്ചായിരുന്ന ഡേവിഡ് സാകെര്‍. പന്തുചുരണ്ടല്‍ വിവാദത്തിന്റെ സമയത്ത് ഓസീസ് ടീമിനൊപ്പമുണ്ടായിരുന്നയാളാണ് ഡേവിഡ് സാകെര്‍. 

ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുന്ന അവസാനത്തെയാളായിരിക്കില്ല കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നു പറഞ്ഞ സാകെര്‍ ഇനിയും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

''അത് ('പന്തുചുരണ്ടല്‍') തടയാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ല. നിര്‍ഭാഗ്യകരമായിരുന്നു അത്. കാമറൂണ്‍ വളരെ നല്ലയാളാണ്. വെളിപ്പെടുത്തലിലൂടെ അവന്‍ ആശ്വാസം കണ്ടെത്തിയതാണ്. വെളിപ്പെടുത്തല്‍ നടത്തുന്ന അവസാനത്തെയാളായിരിക്കില്ല അവന്‍.'' - ഡേവിഡ് സാകെറിനെ ഉദ്ധരിച്ച് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങള്‍ക്ക് എന്റെ നേരെ വിരല്‍ ചൂണ്ടാം, നിങ്ങള്‍ക്ക് ഡാരെന്‍ ലേമാനെതിരേ വിരല്‍ ചൂണ്ടാം. നിങ്ങള്‍ക്ക് മറ്റ് ആളുകളേയും ചൂണ്ടിക്കാട്ടാം. എല്ലാവര്‍ക്കും അറിയാം ഞങ്ങള്‍ വലിയൊരു തെറ്റ് ചെയ്തുവെന്ന്. എല്ലാം പുറത്തുവരുന്നതുവരെ അതിന്റെ ആഴം മനസിലാകില്ല.'' - സാകെര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വിവാദം ഇനി കാലാകാലങ്ങളോളം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.

പന്തുചുരണ്ടുന്നതിനെപ്പറ്റി ടീമിലെ ബൗളര്‍മാര്‍ക്കെല്ലാം അറിയാമായിരുന്നെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തിയത്.

ഇതോടെ, സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഇപ്പോഴിതാ 2018-ലെ പന്തുചുരണ്ടല്‍ സംഭവത്തെ കുറിച്ച് ആര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ അവര്‍ മുന്നോട്ടുവരണമെന്നും ഭരണ സമിതിയെ ഇക്കാര്യം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. 

2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം. ഓസ്‌ട്രേലിയന്‍ താരം ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തിന്റെ ഒരു ഭാഗം ചുരണ്ടുകയായിരുന്നു. സംഭവം ടി.വി. ക്യാമറയില്‍ പതിഞ്ഞതിനാല്‍ കൈയോടെ പിടിക്കപ്പെട്ടു. പാന്റിനുള്ളില്‍ ഒളിപ്പിച്ച സാന്‍ഡ്പേപ്പര്‍ കണ്ടെത്തി. സംഭവത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് വിലക്കുകിട്ടി. കോച്ച് ഡാരന്‍ ലേമാനും സ്ഥാനം നഷ്ടമായിരുന്നു.

സ്മിത്തും വാര്‍ണറും ഒരു വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തി. ബാന്‍ക്രോഫ്റ്റ് ഇപ്പോള്‍ ഇംഗ്ലീഷ് കൗണ്ടി ടീം ഡര്‍ഹാമിനായി കളിക്കുകയാണ്.

Content Highlights: Bancroft won t be last to speak out  says former Australian bowling coach