ന്യൂഡൽഹി: 2004ലെ ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിൽ ലക്ഷ്മിപതി ബാലാജി പാക് ആരാധകരുടെ മനംകവർന്ന സംഭവം ഓർത്തെടുത്ത് അന്ന് അതേ ടീമിൽ അംഗമായിരുന്ന ആശിഷ് നെഹ്റ. ആ പരമ്പരയുടെ സമയത്ത് മുൻ പാക് ക്യാപ്റ്റനും നിലവിൽ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനേക്കാളും ജനപ്രീതി ബാലാജിക്കുണ്ടായിരുന്നതായും നെഹ്റ ഓർത്തെടുക്കുന്നു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് നെഹ്റ ഓർമകൾ പങ്കുവെച്ചത്.

ആ പരമ്പരയിൽ ഇർഫാൻ പഠാന്റെ ഹാട്രികും രാഹുൽ ദ്രാവിഡിന്റെ ഇരട്ട സെഞ്ചുറിയും വീരേന്ദർ സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറിയുമെല്ലാം ഉണ്ടായിരുന്നെങ്കിലും ബാലാജിയുടെ പ്രകടനമാണ് ശ്രദ്ധേയമായതെന്നും നെഹ്റ പറയുന്നു. ഏകദിന പരമ്പരയിൽ ഷുഐബ് അക്തറിനും മുഹമ്മദ് സമിക്കുമെതിരെ സിക്സറുകൾ നേടിയ ബാലാജിയുടെ പ്രകടനം എന്നും ആരാധകർക്ക് ആവേശമുണ്ടാക്കുന്നതാണ്. ടെസ്റ്റ് പരമ്പരയിലും മികച്ച ബൗളിങ്ങിലൂടെ ബാലാജി തിളങ്ങി.

അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ പത്താം നമ്പറിലായിരുന്നു ബാലാജി കളിക്കാനിറങ്ങിയത്. പരമ്പരയിൽ 160.71 സ്ട്രൈക്ക് റേറ്റിൽ ബാലാജി 45 റൺസ് നേടി. ആറു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതായിരുന്നു ആ ഇന്നിങ്സ്. മൂന്നാം ഏകദിനത്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 21 റൺസുമായി പുറത്താകാതെ നിന്ന പ്രകടനവും ഇതിൽ ഉൾപ്പെടുന്നു. പരമ്പരയിൽ പാക് താരം ഷാഹിദ് അഫ്രീദിയേക്കാൾ 44 റൺസ് മാത്രം പിന്നിലായിരുന്നു ബാലാജി. പക്ഷേ അഫ്രീദിയേക്കാൾ കൂടുതൽ സ്ട്രൈക്ക് റേറ്റ് ബാലാജിക്കായിരുന്നു. ഒപ്പം ആറു വിക്കറ്റും ഇന്ത്യൻ താരം വീഴ്ത്തി.

ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരവുമായി ബാലാജി. ഇർഫാൻ പഠാനൊപ്പമായിരുന്നു ബാലാജി രണ്ടാം സ്ഥാനം പങ്കിട്ടത്. റാവൽപിണ്ടിയിൽ നടന്ന പരമ്പര നിർണയിക്കുന്ന ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ നാല് ബാറ്റ്സ്മാൻമാരെ പുറത്താക്കിയ ബാലാജി രണ്ടാം ഇന്നിങ്സിൽ ഇമ്രാൻ ഫർഹത്, ഇൻസമാമുൽ ഹഖ്, കമ്രാൻ അക്മൽ എന്നിവരെ തിരിച്ചയച്ചു. ഈ ബൗളിങ് പ്രകടനത്തിൽ പിൻബലത്തിൽ ഇന്ത്യ 2-1ന് പരമ്പര നേടി.

contet highlighst: Balaji was more popular than Imran Khan during Indias tour of Pakistan in 2004