കറാച്ചി: ട്വന്റി 20 ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ട്വന്റി 20 യില്‍ അതിവേഗത്തില്‍ 7000 റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളുമെല്ലാം ഉള്‍പ്പെടെയാണിത്. 

പാകിസ്താന്‍ ദേശീയ ട്വന്റി 20 കപ്പില്‍ സെന്‍ട്രല്‍ പഞ്ചാബിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ബാബര്‍ 49 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 

കരിയറിലെ 187-ാം മത്സരത്തിലാണ് ബാബര്‍ അസം 7000 റണ്‍സ് മറികടന്നത്. ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള റെക്കോഡ് ഇതോടെ പഴങ്കഥയായി മാറി. ഗെയ്‌ലിന് 7000 റണ്‍സ് നേടാന്‍ 192 മത്സരങ്ങള്‍ വേണ്ടിവന്നു. 

ട്വന്റി 20യില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലും ബാബര്‍ അസം മുന്നിലാണ്. നിലവില്‍ ആറ് സെഞ്ചുറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. അഞ്ച് സെഞ്ചുറികളുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്ന ബാബര്‍ അസം നിലവില്‍ രോഹിത് ശര്‍മ, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരുമായി റെക്കോഡ് പങ്കിടുകയാണ്. ഇരുവര്‍ക്കും ആറ് സെഞ്ചുറികള്‍ വീതമാണുള്ളത്. 

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്‍പ് പാക് താരങ്ങള്‍ക്ക് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താനില്‍ ദേശീയ ട്വന്റി 20 ടൂര്‍ണമെന്റ് നടന്നത്. ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയാണ് പാകിസ്താന്റെ ആദ്യ എതിരാളി. ഒക്ടോബര്‍ 24 നാണ് മത്സരം നടക്കുക. 

Content Highlights: Babar Azam scripts history in T20 cricket becomes fastest batsman to complete 7,000 runs