ബാബർ അസമും വിരാട് കോലിയും ട്വന്റി 20 ലോകകപ്പ് മത്സരത്തിന്റെ ടോസ്സിനിടെ | Photo: ANI
ലാഹോര്‍: മോശം ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ വിരാട് കോലിയ്ക്ക് പിന്തുണയുമായി പാകിസ്താന് ക്രിക്കറ്റ് ടീം നായകന് ബാബര്‍ അസം. സമൂഹമാധ്യമങ്ങളിലൂടെയാണ് ബാബര്‍ കോലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
'ഇതും കടന്നുപോകും, ശക്തനായി ഇരിക്കൂ' എന്നാണ് ബാബര്‍ അസം സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്. വിരാട് കോലിയ്ക്ക് എല്ലാപിന്തുണയുമുണ്ടെന്നും ഈ മോശം സമയം കടന്നുപോകുമെന്നും ബാബര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോലിയ്ക്ക് 16 റണ്‍സ് മാത്രമാണ് നേടാനായത്. ഇതിനുപിന്നാലെയാണ് ബാബര്‍ പോസ്റ്റിട്ടത്. ബാറ്റിങ്ങില്‍ സ്ഥിരതയുടെ പര്യായമായ ബാബര്‍ അസമിനെ കോലിയോടാണ് ക്രിക്കറ്റ് പണ്ഡിതന്മാര് താരതമ്യം ചെയ്യുന്നത്.
കോലിയുടെ നിരവധി റെക്കോഡുകള്‍ ഭേദിക്കാന്‍ ബാബര്‍ അസമിന് സാധിച്ചിട്ടുണ്ട്. ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഏറ്റവുമധികം ദിവസം ഒന്നാം സ്ഥാനത്തിരുന്ന താരം എന്ന കോലിയുടെ റെക്കോഡ് ഈയിടെയാണ് ബാബര്‍ തകര്‍ത്തത്. ഏകദിന ക്യാപ്റ്റനായി അതിവേഗത്തില്‍ 1000 റണ്‍സ് തികച്ച കോലിയുടെ റെക്കോഡും ബാബര്‍ മറികടന്നിരുന്നു. കോലിയ്ക്ക് 1000 റണ്‍സെടുക്കാന്‍ 17 ഇന്നിങ്സുകള്‍ വേണ്ടിവന്നപ്പോള്‍ വെറും 13 ഇന്നിങ്സുകള്‍ കൊണ്ട് ബാബര്‍ ഈ നേട്ടത്തിലെത്തി. നിലവില്‍ ഏകദിനത്തിലും ട്വന്റി 20യിലും ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് ബാബര്‍ അസം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..