ദുബായ്:  എട്ടു മണിക്കൂറും 44 മിനിറ്റും ക്രീസില്‍ നിന്ന ഉസ്മാന്‍ ഖ്വാജയുടെ മികവില്‍ പാകിസ്താനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ സമനില നേടിയിരുന്നു. പരാജയമുറപ്പിച്ച ഘട്ടത്തിലും പാക് ബൗളിങ്ങിനെതിരെ ഓസ്‌ട്രേലിയ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ കളിയവസാനിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. ഇതോടെ ഓസീസിന് വിജയത്തോളം പോന്ന സമനില ലഭിച്ചു. 

ദുബായില്‍ നടന്ന ഈ ടെസ്റ്റിനിടയില്‍ പാക് താരം ബാബര്‍ അസമിന്റെ മനോഹര ക്യാച്ചിനും കാണികള്‍ സാക്ഷിയായി. ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കാനായിരുന്നു ബാബര്‍ അസം സൂപ്പര്‍മാനെപ്പോലെ ക്യാച്ചെടുത്തത്. യാസിര്‍ ഷാ എറിഞ്ഞ 128-ാം ഓവറിലായിരുന്നു സംഭവം. 

തന്റെ വലതുവശത്തേക്ക് ചാടിയ ബാബര്‍ അസം പറന്ന് ഒറ്റക്കൈ കൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. അഞ്ചു പന്തില്‍ ഒരൊറ്റ റണ്ണായിരുന്നു പുറത്താകുമ്പോള്‍ സ്റ്റാര്‍ക്കിന്റെ സമ്പാദ്യം. ഈ ക്യാച്ചിനെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. സൂപ്പര്‍ മാന്‍ ബാബര്‍ അസം എന്നാണ് ആരാധകര്‍ ഈ ക്യാച്ചിനെ വിശേഷിപ്പിച്ചത്. 

Content Highlights: Babar Azam's 'Superman' Catch Send's Twitter in Frenzy