സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടി റെക്കോഡിട്ട് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. 

ഏകദിനത്തിലെ തന്റെ 13-ാം സെഞ്ചുറിയാണ് ബാബര്‍ കഴിഞ്ഞ ദിവസം കുറിച്ചത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13 സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. 

ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ പിന്നിലാക്കിയാണ് ബാബറിന്റെ നേട്ടം. 

വെറും 76 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം 13 സെഞ്ചുറികള്‍ സ്വന്തമാക്കിയിരിക്കുന്നത്. 83 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഹാഷിം അംലയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡ്. വിരാട് കോലി 86 ഇന്നിങ്‌സുകളില്‍ നിന്നാണ് 13 സെഞ്ചുറി തികച്ചത്. 

അതേസമയം മത്സരത്തില്‍ പാകിസ്താന്‍ മൂന്നു വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് അവസാന ഓവറില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് മാത്രം വേണ്ടിയിരുന്ന പാകിസ്താന് അവസാന പന്തിലാണ് വിജയിക്കാനായത്.

Content Highlights: Babar Azam overtakes Hashim Amla and Virat Kohli in a century record