സെഞ്ചൂറിയന്‍: ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പാകിസ്താന് തകര്‍പ്പന്‍ ജയം. വെടിക്കെട്ട് സെഞ്ചുറിയുമായി തിളങ്ങിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടീമിന്റെ ജയം എളുപ്പമാക്കിയത്. 

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം വെറും 18 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു. 

49 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ബാബര്‍ 59 പന്തുകള്‍ നേരിട്ട് നാലു സിക്‌സും 15 ഫോറുമടക്കം 122 റണ്‍സെടുത്തു. ട്വന്റി 20-യില്‍ ഒരു പാക് താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. ട്വന്റി 20-യില്‍ ഒരു പാക് താരത്തിന്റെ ഉയര്‍ന്ന സ്‌കോറും ബാബര്‍ സ്വന്തം പേരിലാക്കി.

ഓപ്പണിങ് വിക്കറ്റില്‍ ബാബറും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് 197 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. റണ്‍സ് ചേസ് ചെയ്യുമ്പോള്‍  ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും ഈ സഖ്യം സ്വന്തമാക്കി. റിസ്‌വാന്‍ 47 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ജാന്നെമാന്‍ മലാന്‍ (40 പന്തില്‍ 55), ഏയ്ഡന്‍ മാര്‍ക്രം (31 പന്തില്‍ 63) എന്നിവരുടെ മികവിലാണ് 203 റണ്‍സെടുത്തത്. 

Content Highlights: Babar Azam hits 59-ball 122 as Pakistan chase 204 in 18 overs