മെല്‍ബണ്‍: ഗ്രൗണ്ടിലെ അമ്പയര്‍ക്ക് ബാറ്റ്‌സ്മാന്‍ ഔട്ടാണോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയമുണ്ടാകുമ്പോഴോ അല്ലെങ്കില്‍ തീരുമാനം പുന:പരിശോധിക്കാനോ വേണ്ടിയാണ് ക്രിക്കറ്റില്‍ തേഡ് അമ്പയറുടെ സഹായം തേടുന്നത്. വീഡിയോ റീപ്ലേയുടെയും ഗ്രാഫിക്‌സിന്റെയും സഹായത്തോടെ തേഡ് അമ്പയര്‍ പ്രഖ്യാപിക്കുന്ന തീരുമാനം ശരിയുമായിരിക്കും. എന്നാല്‍ ഈ  തേഡ് അമ്പയര്‍ക്കും പിഴച്ചാലോ?

മെല്‍ബണില്‍ നടക്കുന്ന പാകിസ്താന്‍-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിനിടെ ഇത്തരത്തിലൊരു അബദ്ധം തേഡ് അമ്പയര്‍ക്കും സംഭവിച്ചു. സെഞ്ചുറിക്കരികില്‍ നില്‍ക്കുകയായിരുന്ന പാക് ബാറ്റ്‌സ്മാന്‍ അസര്‍ അലി ഔട്ടല്ലാതിരുന്നിട്ടും സ്‌ക്രീനില്‍ ഔട്ട് എന്ന് എഴുതിക്കാണിക്കുകയായിരുന്നു. സ്‌ട്രൈക്കിങ് എന്‍ഡിലുള്ള ബാറ്റ്‌സ്മാന്‍ അടിച്ച ഷോട്ട് ബൗളറുടെ കൈയില്‍ തട്ടി നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുള്ള സ്റ്റമ്പില്‍ തട്ടുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന അസര്‍ പന്ത് സ്റ്റമ്പിലെത്തും മുമ്പെ ക്രീസില്‍ ബാറ്റ് കുത്തി. തുടര്‍ന്ന് തീരുമാനം തേഡ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്ങിന് വിടുകയായിരുന്നു.

ഔട്ടെല്ലെന്ന് വീഡിയോ റീപ്ലേയില്‍ വ്യക്തമായെങ്കിലും  സ്‌ക്രീനില്‍ തെളിഞ്ഞത് ഔട്ടെന്നായിരുന്നു. ഒരു നിമിഷം എല്ലാവരും അമ്പരന്നു. അബദ്ധം പിണഞ്ഞെന്ന് മനസ്സിലാക്കിയ റിച്ചാര്‍ഡ് ഉടന്‍ തന്നെ നോട്ട് ഔട്ട് വിധിച്ചു.  നോട്ട് ഔട്ട് വിധിക്കാനുള്ള പച്ച ബട്ടണ്‍ അമര്‍ത്തുന്നതിന് പകരം ഔട്ട് വിധിക്കുന്ന ചുവന്ന ബട്ടണ്‍ അമര്‍ത്തിയതാണ് അബദ്ധത്തിന് ഇടയാക്കിയത്.

പാകിസ്താനായി 205 റണ്‍സ് നേടി പുറത്താകാതെ നിന്ന് അസ്ഹര്‍ അലി രണ്ട് റെക്കോര്‍ഡുകളും സൃഷ്ടിച്ചു. ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാക് താരമായും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കണ്ടെത്തുന്ന പാക് താരമായും അസർ മാറി. 1972ല്‍ മെല്‍ബണില്‍ തന്നെ മജീദ് ഖാന്‍ നേടിയ 158 റണ്‍സിന്റെ റെക്കോഡാണ് അസർ മറികടന്നത്.

മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍ 144 റണ്‍സ് നേടി ഓസീസിനെ മുന്നോട്ടു നയിക്കുകയായിരുന്നു. നേരത്തെ അസര്‍ അലിയുടെ ബാറ്റിങ് മികവില്‍ പാകിസ്താന്‍ ഒന്നാമിന്നിങ്‌സ് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.