അബുദാബി: ക്രിക്കറ്റില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് റണ്ണൗട്ടുകള്‍. അനാവശ്യ റണ്ണിനായി ഓടുമ്പോഴും ഫീല്‍ഡര്‍മാരുടെ മികവുമൊക്കെയാണ് പലപ്പോഴും റണ്ണൗട്ടുകള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ മികച്ച രീതിയില്‍ കളിക്കുമ്പോള്‍ മണ്ടത്തരം കാണിച്ചാല്‍ റണ്ണൗട്ടാകുമെന്ന് മനസിലാക്കിയിരിക്കുകയാണ് പാക് താരം അസ്ഹര്‍ അലി.

പാക് ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിലായിരുന്നു അസ്ഹറിന്റെ റണ്ണൗട്ട്. ഓസ്‌ട്രേലിയ-പാകിസ്താന്‍ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിലെ ആദ്യ സെഷനിലാണ് അസ്ഹര്‍ അലിയുടെ ഈ അപൂര്‍വ റണ്ണൗട്ട് സംഭവിച്ചത്.

141 പന്തില്‍ നിന്ന് 64 റണ്‍സോടെ മികച്ച രീതിയില്‍ മുന്നോട്ടു പോകുമ്പോഴാണ് അശ്രദ്ധ മൂലം അസ്ഹറിന് സ്വന്തം വിക്കറ്റ് നഷ്ടമാകുന്നത്. പീറ്റര്‍ സിഡില്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് അസര്‍ അലിയുടെ ബാറ്റില്‍ തട്ടി ഗള്ളിയിലേക്ക്. ബൗണ്ടറിയിലേക്കെത്തുംതോറും പന്തിന്റെ വേഗത കുറയുന്നുണ്ടായിരുന്നു. ഒടുവില്‍ ബൗണ്ടറി റോപ്പിന് തൊട്ടുമുന്നില്‍ പന്ത് നിന്നു. 

എന്നാല്‍ പന്ത് ബൗണ്ടറിയിലെത്തി എന്ന ധാരണയില്‍ പിച്ചിന് മധ്യത്തിലേക്ക് ചെന്ന അസര്‍ അലിയും, ആസാദ് ഷഫീഖും പിച്ചിന് സമീപമെത്തി സംസാരത്തിലായിരുന്നു. പന്തിനു പിന്നാലെ ഓടിയെത്തിയ ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉടന്‍ തന്നെ പന്ത് ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ടിം പെയിനിന് കൈമാറി. ഈ സമയം അസ്ഹര്‍ ക്രീസിന് പുറത്തായിരുന്നു. പെയിന്‍ സ്റ്റംമ്പ് ഇളക്കുകയും ചെയ്തു.

എന്താണ് സംഭവിച്ചതെന്നു പോലും അപ്പോഴും അസ്ഹര്‍ അലിക്കോ ആസാദ് ഷഫീക്കിനോ മനസിലായില്ല. പാക് പരിശീലകന്‍ മിക്കി ആര്‍തര്‍ പോലും ഡ്രസ്സിങ് റൂമില്‍ ഈ കാഴ്ച വിശ്വസിക്കാനാകാതെ ഇരിക്കുകയായിരുന്നു.

അതേസമയം പന്ത് ബൗണ്ടറി കടന്നോ എന്നുപോലും നോക്കാതെ അസ്ഹര്‍ കാണിച്ച അശ്രദ്ധയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്തു നിന്ന് ഉയരുന്നത്. അസ്ഹറിന് ട്രോളന്‍മാരുടെ ആക്രമണവും നേരിടേണ്ടി വരുന്നുണ്ട്. ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മണ്ടത്തരത്തിനുള്ള പുരസ്‌കാരം അസ്ഹറിന് കൊടുക്കണമെന്നാണ് കമന്റുകള്‍.

Content Highlights: azhar ali involved in one of the most extraordinary run outs ever seen