photo: bcci/twitter
ട്രിനിനാഡ്: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ വിന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. രണ്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 312 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ രണ്ടു പന്തുകള്‍ ശേഷിക്കെ വിജയത്തിലെത്തി. അക്ഷര്‍ പട്ടേലിന്റെ മിന്നും പ്രകടനമാണ് (35 പന്തില്‍ 64 റണ്‍സ്) ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. സ്കോര്‍: വിന്‍ഡീസ്-311/6 (50 ഓവര്‍), ഇന്ത്യ-312/8 (49.4 ഓവര്‍).
അവസാന ഓവറുകളില്‍ അടിച്ചുകളിച്ച അക്ഷര്‍ പട്ടേലിന് പുറമേ അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും (71 പന്തില്‍ 63 റണ്‍സ്) മലയാളി താരം സഞ്ജു സാംസണിന്റെയും (51 പന്തില്‍ 54 റണ്‍സ്) ഇന്നിങ്സാണ് റണ്‍ചേസില്‍ ഇന്ത്യയ്ക്ക് മികച്ച അടിത്തറയേകിയത്. 182 റണ്‍സ് സ്ട്രൈക്ക് റേറ്റില്‍ അഞ്ച് സിക്സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു അക്ഷറിന്റെ മിന്നും പ്രകടനം. കളിയിലെ താരവും അക്ഷറാണ്.
വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. 79 റണ്‍സിനിടെ ധവാനും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീട് ഒത്തുചേര്‍ന്ന ശ്രേയസ് അയ്യര്‍-സഞ്ജു സാംസണ് സഖ്യമാണ് ഇന്ത്യയെ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് പുറത്തായതിന് പിന്നാലെ സഞ്ജു റണ്ണൗട്ടായി മടങ്ങിയോതോടെ വിന്‍ഡീസ് പിടിമുറുക്കി. എന്നാല്‍ വിന്‍ഡീസ് പ്രതീക്ഷകളെ തച്ചുടച്ച് വാലറ്റത്തെ കൂട്ടുപിടിച്ച് ഒരുവശത്ത് നിലയുറപ്പിച്ച് തകര്‍ത്തടിച്ച അക്ഷര്‍ കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.
അവസാന മൂന്ന് പന്തില്‍ ആറ് റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടത്. കൈയല് മയേഴ്സ് എറിഞ്ഞ നാലാം പന്ത് സിക്സര്‍ പറത്തിയാണ് അക്സര്‍ വിജയറണ്‍ കുറിച്ചത്. വിന്‍ഡീസ് മണ്ണില്‍ ഏകദിനത്തില്‍ ഒരു ടീം പിന്തുടര്ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്കോറാണിത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ഷായ് ഹോപ്പിന്റെ ബാറ്റിങ് മികവില്‍ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തിരുന്നു. ടോസ് കിട്ടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഷായ് ഹോപ്പും, കൈല്‍ മയേഴ്സും നല്‍കിയത്. ടീം സ്കോര്‍ 65-ല്‍ നില്‍ക്കേയാണ് വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 23 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത കൈല്‍ മയേഴ്സിനെ ദീപക് ഹൂഡയാണ് പുറത്താക്കിയത്. പിന്നാലെ ഇറങ്ങിയ ഷമാര്‍ ബ്രൂക്സും ഹോപ്പും ചേര്‍ന്ന് ടീം സ്കോര്‍ 100-കടത്തി. 36 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ബ്രൂക്സിനെ അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്.
അടുത്തതായി ഇറങ്ങിയ ബ്രണ്ടന്‍ കിങിനെ ചാഹല്‍ വേഗത്തില്‍ തന്നെ മടക്കി. അഞ്ച് പന്ത് നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാനായില്ല. പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പുരന് ഹോപ്പുമായി ചേര്‍ന്ന് വെസ്റ്റിന്‍ഡീസിനെ ശക്തമായ നിലയിലെത്തിച്ചു. അര്‍ധസെഞ്ചുറിയുമായി തിളങ്ങുന്ന പ്രകടനമാണ് പുരന് കാഴ്ചവെച്ചത്. വിന്‍ഡീസ് 247-ല്‍ നില്‍ക്കേ ശാര്‍ദുല്‍ താക്കൂറാണ് പുരനെ പുറത്താക്കിയത്. 77 പന്തില്‍ നിന്ന് 74 റണ്‍സെടുത്താണ് പുരന് മടങ്ങിയത്. ആറ് സിക്സറുകളും ഒരു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
നൂറാം ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിക്കൊണ്ട് ഗംഭീര പ്രകടനമാണ് ഷായ് ഹോപ്പ് കാഴ്ചവെച്ചത്. 135 പന്തില്‍ നിന്ന് 115 റണ്‍സെടുത്താണ് ഹോപ്പ് മടങ്ങിയത്. എട്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. താരത്തിന്റെ 13-ാം ഏകദിന സെഞ്ചുറിയാണിത്. നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന പത്താമത്തെ താരമാണ് ഹോപ്പ്. ഇത് മൂന്നാം തവണയാണ് ഹോപ്പ് ഇന്ത്യയ്ക്കെതിരേ ഏകദിന സെഞ്ചുറി നേടുന്നത്.
റോവ്മാന്‍ പവല്‍ 13 റണ്‍സെടുത്തപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 50- ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് വിന്‍ഡീസ് നേടിയത്. ഇന്ത്യക്ക് വേണ്ടി ശാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..