Photo: AFP
2014 ഡിസംബര്‍ 30 ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് മറക്കാനാകാത്ത ദിവസമാണ്. ഓസ്ട്രേലിയയില്‍ പര്യടനം നടത്തുകയായിരുന്നു ഇന്ത്യന്‍ ടീം ആ സമയം. പരമ്പരയിലെ മെല്‍ബണ്‍ ടെസ്റ്റ് സമനിലയിലായ ശേഷം പെട്ടെന്ന് ഒരു വാര്‍ത്ത ക്രിക്കറ്റ് ലോകത്തെത്തന്നെ ഞെട്ടിച്ച് പുറത്തുവന്നു- ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണ്. ആരാധകര്‍ ഒന്നടങ്കം ഞെട്ടിയ ആ പ്രഖ്യാപന സമയത്ത് ടീമിനൊപ്പമുണ്ടിയിരുന്ന അക്ഷര്‍ പട്ടേല്‍ അന്നത്തെ ഡ്രസ്സിങ് റൂമിലെ സംഭവങ്ങള്‍ ഇപ്പോഴിതാ വെളിപ്പെടുത്തിയിരിക്കുകയാണ്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
മെല്‍ബണില്‍ ഇന്ത്യന്‍ ടീമിനൊപ്പം അക്ഷര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പമുള്ള അക്ഷറിന്റെ അരങ്ങേറ്റ പരമ്പരയായിരുന്നു അത്. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം രവി ശാസ്ത്രിയാണ് ടീം അംഗങ്ങളെ ധോനി വിരമിക്കാന്‍ പോകുകയാണെന്ന കാര്യം അറിയിച്ചതെന്ന് അക്ഷര്‍ പറഞ്ഞു.
''മെല്‍ബണില്‍ നടന്ന ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസം വൈകിട്ടോടെയാണ് അക്കാര്യം അറിയിച്ചത്. അതോടെ ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം ഒന്നാകെ മാറി. ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. രവി ഭായ് ഒരു മീറ്റിങ് വിളിച്ചു, എന്നിട്ട് എല്ലാവരോടുമായി ഇപ്പോള്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്, മഹി വിരമിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു'', അക്ഷര്‍ വെളിപ്പെടുത്തി.
''അത് കേട്ടപാടെ (സുരേഷ്) റെയ്ന കരയാനാരംഭിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ നില്‍ക്കുകയായിരുന്നു ഞാന്‍. എന്റെ ചുറ്റുമുള്ള എല്ലാവരും തന്നെ വിഷമിച്ച് നില്‍ക്കുകയായിരുന്നു. ഇതിനിടെ മഹി ഭായ് എന്നെ ചേര്‍ത്ത് ഒരു തമാശ പറഞ്ഞു. ബാപ്പു (അക്ഷറിന്റെ വിളിപ്പേര്) നീ വന്നതുകൊണ്ടാണ് ഞാന്‍ പോകുന്നത്. അതിന് ഞാന്‍ എന്താണ് ചെയ്തതെന്ന ചിന്തയിലായിരുന്നു. അതിന് ശേഷം അദ്ദേഹമെന്നെ കെട്ടിപ്പിടിച്ച് താനൊരു തമാശ പറഞ്ഞതാണെന്ന് പറഞ്ഞു'', അക്ഷര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Axar Patel Recalls ms dhoni announced his retirement from Test cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..