അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ സ്വന്തമാക്കിയത് പുതിയ ലോകറെക്കോഡ്. പകലും രാത്രിയുമായി നടന്ന മത്സരത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തില്‍ അക്ഷര്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 11 വിക്കറ്റുകളാണ് വീഴ്ത്തിയത്. 

ഈ നേട്ടത്തോടെ അക്ഷര്‍ നേടിയെടുത്തത് അപൂര്‍വമായ റെക്കോഡാണ്. ചരിത്രത്തിലാദ്യമായി പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോഡാണ് അക്ഷര്‍ സ്വന്തമാക്കിയത്. അക്ഷറിന്റെ പ്രകടനമികവില്‍ മൂന്നാം ടെസ്റ്റില്‍ പത്തുവിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 

രണ്ട് ഇന്നിങ്‌സുകളിലുമായി വെറും 70 റണ്‍സ് മാത്രമാണ് അക്ഷര്‍ വിട്ടുനല്‍കിയത്. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലെ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനവും അക്ഷര്‍ സ്വന്തം പേരിലാക്കി. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സുകളിലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് അക്ഷര്‍. ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ (1984), രവിചന്ദ്ര അശ്വിന്‍ (2016) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങള്‍.

Content Highlights: Axar Patel becomes 1st bowler to take back-to-back 5-wicket hauls in a pink-ball Test