മെല്‍ബണ്‍: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ വനിതാ ടീം. ഏറ്റവും കൂടുതല്‍ തുടര്‍വിജയങ്ങളെന്ന റെക്കോഡാണ് സ്വന്തമായത്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യമത്സരം ജയിച്ചതോടെ 22 തുടര്‍വിജയങ്ങളായി. ഓസ്‌ട്രേലിയന്‍ പുരുഷ ടീം റിക്കി പോണ്ടിങ്ങിന് കീഴില്‍ സ്ഥാപിച്ച 21 വിജയങ്ങളുടെ റെക്കോഡാണ് മാഞ്ഞുപോയത്.

ആറ് വിക്കറ്റിനാണ് ഓസീസ് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 212 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ 38.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

2018 മാര്‍ച്ച് 12ന് തുടങ്ങിയ ഓസീസ് ടീമിന്റെ വിജയയാത്രയാണ് ഇപ്പോള്‍ റെക്കോഡിലെത്തിയത്. അന്ന് വഡോദരയില്‍ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ഇന്ത്യ (3-0), പാകിസ്താന്‍ (3-0), ന്യൂസീലന്‍ഡ് (3-0), ഇംഗ്ലണ്ട് (3-0), വിന്‍ഡീസ് (3-0), ശ്രീലങ്ക (3-0), ന്യൂസീലന്‍ഡ് (3-0) ടീമുകള്‍ക്കെതിരെ ഇക്കാലയളവില്‍ പരമ്പര നേടി. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 12 വിജയങ്ങളും രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ പത്ത് വിജയങ്ങളും ടീമിന് സ്വന്തമായി. 2003-ലാണ് ഓസ്‌ട്രേലിയന്‍ പുരുഷ ടീം റെക്കോഡ് സൃഷ്ടിച്ചത്.

Content Highlights: Australian womens cricket team sets a new world record