സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം ആരംഭിക്കുന്ന നാല് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 16 അംഗങ്ങളടങ്ങിയ ടീമില്‍ നാല് പേര്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരാണ്. ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കുന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമില്‍ തിരിച്ചെത്തി. ലെഗ് സ്പിന്നര്‍ മിച്ചല്‍ സ്വെപ്‌സണാണ് ടീമിലെ പുതുമുഖം.

സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീമില്‍ ആറു ബാറ്റ്‌സ്മാന്‍മാര്‍, നാല് സ്പിന്നര്‍മാര്‍, മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍, രണ്ട് ഓള്‍റൗണ്ടര്‍മാര്‍, ഒരു വിക്കറ്റ് കീപ്പര്‍ എന്നിവരടങ്ങിയതാണ് ടീം. മാക്‌സ്‌വെല്ലിനെക്കൂടാതെ മിച്ചല്‍ മാര്‍ഷാണ് ടീമിലെ ഓള്‍ റൗണ്ടര്‍.

ഫെബ്രുവരി 23 മുതല്‍ പുണെയിലാണ് ആദ്യ ടെസ്റ്റ്. മാര്‍ച്ച് നാല് മുതല്‍ എട്ടു വരെ ബാംഗ്ലൂരിലും മാര്‍ച്ച് 16-20 വരെ റാഞ്ചിയിലും മാര്‍ച്ച് 25-29 വരെ ധര്‍മശാലയിലുമാണ് മറ്റു ടെസ്റ്റുകള്‍ നടക്കുക.

ഓസ്‌ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ആഷ്റ്റണ്‍ അഗര്‍, ജാക്ക്‌സണ്‍ ബേര്‍ഡ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹെയ്‌സല്‍വുഡ്, ഉസ്മാന്‍ ക്വാജ, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് ഒ കീഫെ, മാത്യു റെന്‍ഷോ, മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ സ്വെപ്‌സണ്‍, മാത്യു വെയ്ഡ്