മെല്‍ബണ്‍: വിരാട് കോലി നല്ല ഒന്നാന്തരം ക്യാപ്റ്റനാണെന്ന് ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഇപ്പോഴത്തെ ഓസീസ് പര്യടനത്തിനിടെ കോലിയുടെ ആക്രമണോത്സുക മനോഭാവം വിമര്‍ശന വിധേയമാകുന്ന സാഹചര്യത്തിലാണ് സ്റ്റാര്‍ക്കിന്റെ ഈ പ്രസ്താവന.  

കളിക്കളത്തിലെ കോലിയുടെ പെരുമാറ്റത്തെ മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്‍സണ്‍ അടക്കമുളളവര്‍ വിമര്‍ശിച്ചിരുന്നു. പെര്‍ത്ത് ടെസ്റ്റിനു ശേഷം ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന് കൈ കൊടുക്കവെ കോലി അദ്ദേഹത്തിന്റെ മുഖത്ത് നോക്കാന്‍ തയ്യാറാകാതിരുന്നതും വിമര്‍ശന വിധേയമായിരുന്നു.

എന്നാല്‍ സ്റ്റാര്‍ക്കിന് ഈ അഭിപ്രായമില്ല. ഐ.പി.എല്ലില്‍ കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിന്റെ താരമായിരുന്നു സ്റ്റാര്‍ക്ക്. 

കോലി ഒന്നാന്തരം ക്യാപ്റ്റനാണെന്നാണ് സ്റ്റാര്‍ക്കിന്റെ അഭിപ്രായം. വിരാടിന്റെ കീഴില്‍ ഏതാനും ഐ.പി.എല്‍ മത്സരങ്ങള്‍ എനിക്ക് കളിക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹം ഒന്നാന്തരം ക്യാപ്റ്റനാണ്. തീര്‍ച്ചയായും മികച്ച ബാറ്റ്സ്മാനും. ഇനി ഈ പരമ്പരയില്‍ എങ്ങനെ കളിക്കണമെന്നുള്ളത് ഇന്ത്യന്‍ ടീമിന്റെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014-ലാണ് സ്റ്റാര്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മാറിയ സ്റ്റാര്‍ക്കിന് പരിക്ക് കാരണം കളിക്കാന്‍ സാധിച്ചിരുന്നില്ല.

Content Highlights: australian pacer mitchell starc calls virat kohli fantastic captain