സിഡ്നി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കളിക്കളങ്ങൾ നിശ്ചലമായതോടെ താരങ്ങളെല്ലാം ക്ഷീണത്തിലാണ്. തിരക്കുകളൊന്നുമില്ലാതെ വീട്ടിൽ ഇരുന്ന് എങ്ങനെ സമയംകൊല്ലുമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കായികതാരങ്ങൾ. എന്നാൽ ഓസ്ട്രേലിയയുടെ ക്രിക്കറ്റ് താരങ്ങൾക്ക് കൊറോണ കൊടുത്തത് മറ്റൊരു പണിയാണ്. കൊറോണാ എട്ടു ഓസീസ് താരങ്ങളുടെ വിവാഹമാണ് ഭീതിയെ തുടർന്ന് മാറ്റിവെയ്ക്കേണ്ടി വന്നത്.

ക്രിക്കറ്റ് സീസൺ അവസാനിക്കുന്ന സമയമെന്ന നിലയിൽ ഏപ്രിൽ മാസമാണ് ഓസീസ് താരങ്ങൾ വിവാഹത്തിനായി തിരഞ്ഞെടുത്തത്. സ്പിൻ ബൗളർ ആദം സാംപ, ഓപ്പണർ ഡാർസി ഷോർട്ട്, പേസ് ബൗളർമാരായ ജാക്സൺ ബേഡ്, ആൻഡ്രൂ ടൈ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത മിച്ചൽ സ്വെപ്സൻ, അലിസ്റ്റർ മക്ഡെർമോട്ട്, വനിതാ താരങ്ങളായ കെയ്റ്റ്ലിൻ ഫ്രിയെറ്റ്, ജെസ് ജൊനാസ്സൻ എന്നിവരാണ് കൊറോണയെത്തുടർന്ന് വിവാഹം നീട്ടിവെച്ചത്.

ഇവർക്കുപുറമെ ഓസീസ് സീനിയർ ടീമംഗമായ ഗ്ലെൻ മാക്സ്വെല്ലും ഇന്ത്യൻ വംശജയായ വിനി രാമനും തമ്മിലുള്ള വിവാഹവും പാറ്റ് കമ്മിൻസും ബെക്കി ബോസ്റ്റണും തമ്മിലുള്ള വിവാഹവും നീളാനാണ് സാധ്യത. ഇവരുടെയെല്ലാം വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു.

Content Highlights: Australian cricketers forced to postpone their weddings due to Covid-19 pandemic