മെല്‍ബണ്‍:  ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ചൂടുപിടിച്ച വിവാദം. ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച  യുവതാരം മായങ്ക് അഗര്‍വാളിനേയും ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിനേയും ഓസ്‌ട്രേലിയന്‍ കമന്റേറ്ററും മുന്‍ താരവുമായ കെറി ഒക്കീഫെ പരിഹസിച്ചതാണ് പുതിയ വിവാദത്തിന് വഴിവച്ചത്. ഹോട്ടല്‍ വെയ്റ്റര്‍മാര്‍ക്കെതിരേയാകും മായങ്ക് 304 റണ്‍സ് നേടിയതെന്നായിരുന്നു ഒക്കീഫെയുടെ പരിഹാസം.

2017-ലെ രഞ്ജി ട്രോഫിയിലാണ് കര്‍ണാടക താരമായ മായങ്ക് മുംബൈയ്‌ക്കെതിരേ 304 റണ്‍സ് അടിച്ചത്. ഈ രഞ്ജി മത്സരത്തിനെ പരിഹസിച്ചായിരുന്നു ഒക്കീഫെയുടെ ഹോട്ടല്‍ വെയിറ്റര്‍മാര്‍ എന്ന പരാമര്‍ശം. ഫോക്‌സ് സ്‌പോര്‍ട്‌സിലെ കമന്ററിക്കിടെയായിരുന്നു ഒഫീക്കെയുടെ വിവാദ പരാമർശം. മാര്‍ക്ക് ഹൊവാര്‍ഡിന്റെയും ഷെയ്ന്‍ വോണിന്റെയും സാന്നിധ്യത്തിലായിരുന്നു ഒക്കീഫെയുടെ പരിഹാസം.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒക്കീഫയ്‌ക്കെതിരേ നിരവധി പേര്‍ രംഗത്തുവന്നു. ഒക്കീഫെ ഇപ്പോഴും കോളനിവാഴ്ച്ചയുടെ കാലത്താണ് ജീവിക്കുന്നതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇത്തരത്തിലുള്ള വംശീയ വിവേചനം അനുവദിക്കില്ലെന്നും ഒക്കീഫെയേയെ ഇനി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തരുതെന്നുമായിരുന്നു മറ്റൊരു ആരാധകന്റെ ആവശ്യം. ഇന്ത്യക്കാരെ ഇങ്ങനെ വേദനിപ്പിക്കുന്ന തരത്തില്‍ തരംതാണ തമാശകള്‍ ആവര്‍ത്തിക്കുന്നത് എന്തിനാണെന്നായിരുന്നു ഇ.എസ്.പി.എന്നിലെ മാധ്യമപ്രവര്‍ത്തകയായ മെലിന്ദ ഫാരെലിന്റെ ട്വീറ്റ്.

Content Highlights: Australian commentator 'insults' Mayank Agarwal, Ranji Trophy on air