ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. 

രാജ്യാന്തര ക്രിക്കറ്റില്‍ 300 വിക്കറ്റുകളും 5000 റണ്‍സും നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് പെറി സ്വന്തമാക്കിയത്. ഇന്ത്യന്‍ വനിതകള്‍ക്കെതിരായ പിങ്ക് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് പെറി ഈ നേട്ടം സ്വന്തമാക്കിയത്. 

മത്സരത്തില്‍ 76 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പെറി രാജ്യാന്തര ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ തികയ്ക്കുകയായിരുന്നു. ഇന്ത്യന്‍ താരം പൂജ വസ്ട്രാക്കറെ പുറത്താക്കിയാണ് പെറി ഈ നേട്ടത്തിലെത്തിയത്. 

30-കാരിയായ പെറി രാജ്യാന്തര ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ വനിതാ താരവും. ഇന്ത്യയുടെ ജുലന്‍ ഗോസ്വാമി (337), ഇംഗ്ലണ്ടിന്റെ കാതറിന്‍ ബ്രണ്‍ഡ് (301) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. 

ഒമ്പത് ടെസ്റ്റില്‍ നിന്ന് 33 വിക്കറ്റുകളും 118 ഏകദിനങ്ങളില്‍ നിന്ന് 152 വിക്കറ്റുകളും. 123 ട്വന്റി 20-യില്‍ നിന്ന് 115 വിക്കറ്റുകളുമാണ് പെറിയുടെ സമ്പാദ്യം. 

Content Highlights: Australian all-rounder Ellyse Perry added yet another feather to her cap