ക്യൂന്‍സ്‌ലാന്റ് : നിര്‍ഭാഗ്യവും നാടകീയതയും നിറഞ്ഞ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ. ജുലന്‍ ഗോസ്വാമി എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ഓസീസീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്നു റണ്‍സാണ്. 25 ഏകദിനങ്ങളില്‍ പരാജയമാറിയാതെയുള്ള ഓസീസ് വനിതകളുടെ കുതിപ്പിന് ഇന്ത്യ കണിഞ്ഞാണിടുമോ എന്നു തോന്നിയ നിമിഷം. 

ആ അവസാന പന്തില്‍ ക്രീസിലുണ്ടായിരുന്ന നിക്കോള കാറയെ ജുലന്‍ പുറത്താക്കി. എന്നാല്‍ ഭാഗ്യം ഓസീസിനൊപ്പമായിരുന്നു. അമ്പയര്‍ നോ ബോള്‍ വിളിച്ചതോടെ ഓസീസിന്റെ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സ് ആയി. സെഞ്ചുറിയുമായി മികച്ച ഫോമില്‍ ക്രീസിലുണ്ടായിരുന്ന ബെത്ത് മൂണി ആ രണ്ട് റണ്‍സ് അനായാസം കണ്ടെത്തി. ഓസീസ് തുടര്‍ച്ചയായ 26-ാം വിജയം സ്വന്തമാക്കി.

275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനായി ഓപ്പണര്‍ ബെത്ത് മൂണി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 133 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ താരം 125 റണ്‍സോടെ പുറത്താകാതെ നിന്നു. 74 റണ്‍സുമായി തഹ്ലിയ മഗ്രാത്തും 39 റണ്‍സോടെ നിക്കോള കാറയും ബെത്ത് മൂണിക്ക് പിന്തുണ നല്‍കി.

നേരത്തെ 86 റണ്‍സ് അടിച്ച ഓപ്പണര്‍ സ്മൃതി മന്ദാനയുടേയും 44 റണ്‍സ് നേടിയ റിച്ച ഘോഷിന്റേയും മികവിലാണ് ഇന്ത്യ 274 റണ്‍സ് നേടിയത്. ഓസീസിനായി തഹ്ലിയ മഗ്രാത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഓസീസ് സ്വന്തമാക്കി. ഇനി ഒരു ഏകദിനം മാത്രമാണ് പരമ്പരയില്‍ ശേഷിക്കുന്നത്. 

ഏകദിനത്തില്‍ ഓസീസ് വനിതകളുടെ തുടര്‍ച്ചയായ 26-ാം വിജയമാണിത്. 2018 മാര്‍ച്ചില്‍ തുടങ്ങിയ ജൈത്രയാത്രയാണ് ഓസീസ് വനിതകള്‍ തുടരുന്നത്. 

Content Highlights: Australia Women vs India Women Second ODI