മെല്‍ബണ്‍:  വനിതകളുടെ ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വനിതകളും സെമിയില്‍. തിങ്കളാഴ്ച ന്യൂസീലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയ ടീമിന്റെ മുന്നേറ്റം. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ അഞ്ചിന് 155; ന്യൂസീലന്‍ഡ് 20 ഓവറില്‍ ഏഴിന് 151.

നേരത്തെ എ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും ബി ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളും സെമിയിലെത്തിയിരുന്നു.

തിങ്കളാഴ്ച ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ബേത് മൂണിയുടെ (60) അര്‍ധസെഞ്ചുറി മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. മെഗ് ലാനിങ് (21), എല്ലിസെ പെറി (21), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍  (31), കാറ്റി മാര്‍ട്ടിന്‍ (37*), മാഡി ഗ്രീന്‍ (28) എന്നിവര്‍ പൊരുതിയെങ്കിലും ജയത്തിലേക്കെത്തനായില്ല.

ബി ഗ്രൂപ്പിലെ മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സെമി ഫൈനലില്‍ ആരൊക്കെ തമ്മിലാവും കളിക്കുക എന്നത് വ്യക്തമാവുക.

Content Highlights: Australia women into semis