പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ സൂപ്പര്‍ ഫീല്‍ഡിങ്ങുമായി ഫാഫ് ഡു പ്ലെസിസും ബൗളിങ്ങില്‍ തിരിച്ചുവരവുമായി ഡെയ്ല്‍ സ്റ്റെയ്‌നും. ഓസ്‌ട്രേലിയയെ 38.1 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ദക്ഷിണാഫ്രിക്കയ്ക്കായി ഡു പ്ലെസിസെടുത്ത ക്യാച്ച് മനോഹരമായിരുന്നു. 

മൂന്നാം ഓവറിലാണ് മുപ്പത്തിനാലുകാരന്റെ ക്യാച്ച് പിറന്നത്. സ്‌റ്റെയ്‌ന്റെ പന്തിന്‍ ഡാര്‍സി ഷോട്ടിനെ രണ്ടാം സ്ലിപ്പില്‍ നിന്ന് ഒറ്റക്കൈ കൊണ്ട് പിടിച്ച് ഡു പ്ലെസിസ് പുറത്താക്കുകയായിരുന്നു. രണ്ട് പന്ത് നേരിട്ട ഷോര്‍ട്ട് അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. ആ ഓവറില്‍ തന്നെ സ്‌റ്റെയ്ന്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയിരുന്നു. ഏഴ് ഓവര്‍ എറിഞ്ഞ സ്‌റ്റെയ്ന്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

ഫെഹുലുക്വായോ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലുങ്കി എന്‍ഗിഡിയും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 34 റണ്‍സെടുത്ത നഥാന്‍ കോള്‍ട്ടര്‍ നില്ലാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ സ്‌റ്റെയ്ന്‍ കളിക്കുന്നത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ഒരു സീസണ്‍ മുഴവന്‍ കളിച്ച ശേഷം  ഈ വര്‍ഷമാണ് സ്‌റ്റെയ്ന്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തിയത്.

Content Highlights: Australia vs South Africa Faf Du Plessis Takes A Stunner As Dale Steyn Returns To His Firing Best