അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്താന്‍ പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ പാകിസ്താന്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ്. ഓസീസിന്റെ സ്‌കോറിനൊപ്പമെത്താന്‍ പാകിസ്താന് 248 റണ്‍സ് കൂടി വേണം. 

14 റണ്‍സുമായി ഷാന്‍ മസൂദും എട്ട് റണ്‍സോടെ ആസാദ് ഷഫീഖുമാണ് ക്രീസില്‍. ഇമാമുല്‍ ഹഖ്, അസ്ഹര്‍ അലി, ബാബര്‍ അസം എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ യാസിര്‍ ഷായുടെ പ്രകടനമാണ് പാകിസ്താന്റെ സ്‌കോര്‍ 300 കടത്തിയത്. യാസിര്‍ ഷായുടെ ക്രിക്കറ്റ് കരിയറിലെ ആദ്യ സെഞ്ചുറിയാണിത്‌.

എട്ടു വിക്കറ്റിന് 194 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു പാകിസ്താന്‍. ഒമ്പതാം വിക്കറ്റില്‍ യാസിര്‍ ഷായും മുഹമ്മദ് അബ്ബാസും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഏഴാം വിക്കറ്റിലാണ് പാകിസ്താന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായത്. യാസിര്‍ ഷായും ബാബര്‍ അസമും ചേര്‍ന്ന് 105 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 

213 പന്തില്‍ 13 ഫോറിന്റെ സഹായത്തോടെ 113 റണ്‍സാണ് യാസിര്‍ ഷാ നേടിയത്. ബാബര്‍ അസം 97 റണ്‍സ് അടിച്ചു. മറ്റുള്ളവര്‍ക്കൊന്നും 30 റണ്‍സിനപ്പുറം സ്‌കോര്‍ ചെയ്യാനായില്ല. ആറു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും പാക് ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഡേവിഡ് വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ചുറിയില്‍ ഓസീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു. മൂന്നു വിക്കറ്റിന് 589 റണ്‍സ് എന്ന നിലയില്‍ ഓസീസ് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 

Content Highlights: Australia vs Pakistan Test Cricket Yasir Shah