ബ്രിസ്‌ബെയ്ന്‍: ഓസീസ് മണ്ണില്‍ ഇന്നിങ്‌സ് തോല്‍വിയുമായി പാകിസ്താന്‍. ആദ്യ ടെസ്റ്റില്‍ യുവ പേസ് ബൗളര്‍മാരുമായി പരീക്ഷണത്തിനിറങ്ങിയ പാകിസ്താന്‍ ഇന്നിങ്‌സിനും അഞ്ചു റണ്‍സിനും തോറ്റു. 340 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സിന്‌ ഇറങ്ങിയ പാകിസ്താന്‍ 84.2 ഓവറില്‍ 335 റണ്‍സിന് എല്ലാവരും പുറത്തായി. 

നാല് വിക്കറ്റെടുത്ത ഹെയ്‌സെല്‍വുഡും മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും പാകിസ്താന്റെ പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയായിരുന്നു. 173 പന്തില്‍ 104 റണ്‍സ് നേടിയ ബാബര്‍ അസം, 95 റണ്‍സ് അടിച്ച മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്. 42 റണ്‍സ് അടിച്ച ഓപ്പണര്‍ ഷാന്‍ മസൂദിനും 55 പന്തില്‍ 42 റണ്‍സ് നേടിയ യാസിര്‍ ഷായ്ക്കും വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും കഴിഞ്ഞില്ല. ഇതോടെ പാകിസ്താന്‍ തോല്‍വി സമ്മതിച്ചു. സ്‌കോര്‍: പാകിസ്താന്‍-240, 335 (84.2 ഓവര്‍), ഓസ്‌ട്രേലിയ-580.

ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 240 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, മൂന്നു വിക്കറ്റ് എടുത്ത കമ്മിന്‍സ് എന്നിവരാണ് പാകിസ്താനെ അനായാസം പുറത്താക്കിയത്. 76 റണ്‍സെടുത്ത ആസാദ് ഷെയ്ഖ് ആണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് സെഞ്ചുറി അടിച്ച ഡേവിഡ് വാര്‍ണറുടേയും ലബുഷെയ്‌ന്റേയും മികവില്‍ 580 റണ്‍സ് നേടി. 279 പന്തില്‍ 20 ഫോറുകളോടെ 185 റണ്‍സെടുത്ത ലബുഷെയ്ന്‍ ആണ് കളിയിലെ താരം. 296 പന്തില്‍ നിന്ന് വാര്‍ണര്‍ നേടിയത് 154 റണ്‍സാണ്. നാല് വിക്കറ്റെടുത്ത യാസിര്‍ ഷായുടെ പ്രകടനം മാത്രമാണ് പാകിസ്താന്‍ ആശ്വസിക്കാനുണ്ടായിരുന്നത്. ഇതോടെ പാകിസ്താന് 340 റണ്‍സിന്റെ കടവുമായി. രണ്ടാമിന്നിങ്‌സില്‍ ആ കടം വീട്ടാനാകാതെ പാകിസ്താന്‍ ഇന്നിങ്‌സ് തോല്‍വിയിലെത്തി.

Content Highlights: Australia vs Pakistan Test Cricket