പെര്‍ത്ത്: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ വിജയം ലക്ഷ്യമാക്കി മുന്നേറുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 417 റണ്‍സ് മുന്നിലാണ് ആതിഥേയര്‍. സ്‌കോര്‍: ഓസ്ട്രേലിയ 416, 167/6. ന്യൂസീലന്‍ഡ് 166.

ജോ ബേണ്‍സും (53), മാര്‍നസ് ലെബുഷെയ്നും (50) അര്‍ധസെഞ്ചുറി നേടിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ആറിന് 167 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 19 റണ്‍സെടുത്ത് പുറത്തായി. ടെസ്റ്റില്‍ അദ്ദേഹം 7000 റണ്‍സ് പൂര്‍ത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന 12-ാം ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനാണ് വാര്‍ണര്‍. 151-ാം ഇന്നിങ്സിലായിരുന്നു നാഴികക്കല്ല്. കിവീസിനുവേണ്ടി ടിം സൗത്തി നാല് വിക്കറ്റെടുത്തു.

നേരത്തേ, ന്യൂസീലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് 166 റണ്‍സിന് അവസാനിച്ചു. 80 റണ്‍സെടുത്ത റോസ് ടെയ്ലര്‍ മാത്രമാണ് ഓസീസ് ആക്രമണത്തെ ചെറുത്തത്. ആദ്യ ഇന്നിങ്‌സില്‍ ഓസീസിനായി മാര്‍നസ് ലബൂഷെയ്ന്‍ സെഞ്ചുറി അടിച്ചു. ഈ സെഞ്ചുറി മികവില്‍ ഓസീസ് 416 റണ്‍സാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ ന്യൂസീലന്‍ഡ് 166 റണ്‍സിന് പുറത്തായതോടെ ഒന്നാമിന്നിങ്‌സില്‍ ഓസീസ് 250 റണ്‍സ് ലീഡ് നേടി.

Content Highlights: Australia vs New Zealand First Test Cricket