സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുന്നതിനുമുന്‍പ് വികാരാധീനനായി ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്. മത്സരത്തിന് മുന്‍പായി ദേശീയഗാനം സ്റ്റേഡിയത്തില്‍ കേള്‍പ്പിച്ചപ്പോഴാണ് സിറാജിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്. 

മെല്‍ബണ്‍ ടെസ്റ്റിലൂടെയാണ് സിറാജ് അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. രണ്ടിന്നിങ്‌സുകളിലുമായി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കാനും താരത്തിന് സാധിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഓസിസിന്റെ ആദ്യ വിക്കറ്റ് പിഴുതതും സിറാജ് തന്നെയായിരുന്നു. 

26 കാരനായ സിറാജിന് ഈയിടെ തന്റെ അച്ഛനെ നഷ്ടമായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലായിരുന്ന താരം അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാതെ വിഷമം ഉള്ളിലൊതുക്കി ടീമിനൊപ്പം കഴിയുകയായിരുന്നു. മകന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് സിറാജിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു . അത് നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് താരം.

' ഞാന്‍ രാജ്യത്തിനുവേണ്ടി കളിച്ച് അഭിമാനമാകണമെന്നായിരുന്നു എന്റെ അച്ഛന്റെ അഗ്രഹം, എന്റെ അച്ഛന്റെ സ്വപ്‌നം നിറവേറ്റാന്‍ ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും' -അച്ഛന്റെ വിയോഗത്തില്‍ സിറാജ് പറഞ്ഞ വാക്കുകളാണിത്. 

Content Highlights: Australia vs India, 3rd Test: Mohammed Siraj In Tears While Singing Indian National Anthem