പെര്‍ത്ത്: ആഷസ് പരമ്പരയിലേറ്റ നാണക്കേടിന് പകരംവീട്ടി ഇംഗ്ലണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് കണക്കുതീര്‍ത്തത്. പെര്‍ത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസീസിനെ 16 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയത്. അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടെണ്ണത്തിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. 

ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 303 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടുവീതം വിക്കറ്റ് വീഴ്ത്തി ക്രിസ് വോക്ക്‌സ്, മാര്‍ക്ക് വുഡ്, ആദില്‍ റാഷിദ് എന്നിവര്‍ ഓസീസിനെ പിടിച്ചുകെട്ടുകയായിരുന്നു. ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, സ്റ്റോയിനിസ് എന്നിവര്‍ ഓസീസിനായി അര്‍ധസെഞ്ചുറി കണ്ടെത്തി. 

നേരത്തെ നൂറു റണ്‍സുമായി പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 കടത്തിയത്. 83 പന്ത് നേരിട്ട ബട്‌ലറിന്റെ ബാറ്റില്‍ നിന്ന് ആറു ഫോറും നാലു സിക്‌സും പിറന്നു. 53 റണ്‍സുമായി വോക്‌സും 41 റണ്‍സടിച്ച മോര്‍ഗനും ബട്‌ലര്‍ക്ക് പിന്തുണ നല്‍കി. 

Content Highlights: Australia vs England ODI Cricket Buttler