സതാംപ്റ്റൺ: ഓസ്ട്രേലിയക്കെതിരായ ആവേശ മത്സരത്തിനൊടുവിൽ ഒന്നാം ട്വന്റി-20യിൽ ഇംഗ്ലണ്ടിന് വിജയം. അവസാന പന്തുവരെ ഇരുപക്ഷത്തേക്കും മാറിമറിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് രണ്ട് റൺസിനാണ് ഓസീസിനെ തോൽപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ഡേവിഡ് മലന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തുണച്ചത്. 43 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്സും സഹിതം മലൻ നേടിയത് 66 റൺസാണ്. 29 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്സും സഹിതം 44 റൺസെടുത്ത് ജോസ് ബട്ലർ മലന് പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിൽ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്ന് ഓസീസിന് സമ്മാനിച്ചത് സ്വപ്നതുല്ല്യമായ തുടക്കമാണ്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത് 98 റൺസ്. വാർണർ 47 പന്തിൽ 58 റൺസും ഫിഞ്ച് 32 പന്തിൽ 46 റൺസുമെടുത്തു. ടോം കറൻ എറിഞ്ഞ അവസാന ഓവറിൽ ഓസീസിന് വിജയത്തിലേക്ക് 15 റൺസ് വേണമായിരുന്നു. എന്നാൽ ക്രീസിലുണ്ടായിരുന്ന സ്റ്റോയിൻസിന് ഒരു സിക്സ് സഹിതം നേടാനായത് 12 റൺസ് മാത്രം. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ആദിൽ റഷീദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Australia vs England First T20 Cricket