ഹൊബാര്‍ട്ട്: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. 

രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ് ഓസീസ്. 17 റണ്‍സുമായി സ്റ്റീവ് സ്മിത്തും മൂന്ന് റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ സ്‌കോട്ട് ബോളണ്ടുമാണ് ക്രീസില്‍. ഓസീസിനിപ്പോള്‍ 152 റണ്‍സ് ലീഡുണ്ട്. 

ഡേവിഡ് വാര്‍ണര്‍ (0), മാര്‍നസ് ലബുഷെയ്ന്‍ (5), ഉസ്മാന്‍ ഖവാജ (11) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് നഷ്ടമായത്. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 303 റണ്‍സിന് പുറത്തായ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 188 റണ്‍സില്‍ അവസാനിച്ചിരുന്നു. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 115 റണ്‍സ് ലീഡും സ്വന്തമാക്കി. 

നാല് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 

36 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട് (34), സാം ബില്ലിങ്‌സ് (29), ഡേവിഡ് മലാന്‍ (25) എന്നിവര്‍ മാത്രമാണ് ഓസീസ് ബൗളിങ്ങിനു മുന്നില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. 

റോറി ബേണ്‍സ് (0), സാക്ക് ക്രൗളി (18), ബെന്‍ സ്‌റ്റോക്ക്‌സ് (4) എന്നിവരെല്ലാം നിരാശപ്പെടുത്തി.

നേരത്തെ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് (101), അര്‍ധ സെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീന്‍ (74), 44 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്ന്‍ എന്നിവരുടെ മികവിലാണ് ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 303 റണ്‍സെടുത്തത്.

Content Highlights: Australia vs England fifth ashes test 2022 day two