സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ മഴ വില്ലനായി. ആദ്യ ദിനം വെറും 46.5 ഓവര്‍ മാത്രമാണ് കളി നടന്നത്. ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിട്ടുണ്ട്. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസീസിനുവേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മാര്‍ക്കസ് ഹാരിസും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡേവിഡ് വാര്‍ണറെ മടക്കി സ്റ്റ്യൂവര്‍ട്ട് ബ്രോഡ് ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. 

72 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത വാര്‍ണറെ ബ്രോഡ് സാക്ക് ക്രോളിയുടെ കൈയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ മാര്‍നസ് ലബൂഷെയ്‌നിനെ കൂട്ടുപിടിച്ച് ഹാരിസ് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ സ്‌കോര്‍ 111-ല്‍ നില്‍ക്കേ 38 റണ്‍സെടുത്ത ഹാരിസ് പുറത്തായി. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി ഹാരിസ് മടങ്ങി. 

പിന്നാലെ ലബൂഷെയ്‌നും വിക്കറ്റ് കളഞ്ഞതോടെ ഓസീസ് പരുങ്ങി. 28 റണ്‍സെടുത്ത ലബൂഷെയ്‌നിനെ മാര്‍ക്ക് വുഡ് ജോസ് ബട്ട്‌ലറുടെ കൈയ്യിലെത്തിച്ചു. മൂന്ന് വിക്കറ്റ് നഷ്ടമായശേഷം ക്രീസിലൊന്നിച്ച സ്റ്റീവ് സ്മിത്തും ഉസ്മാന്‍ ഖവാജയും ബാറ്റ് ചെയ്യുമ്പോഴാണ് മഴ വില്ലനായി അവതരിച്ചത്. സ്മിത്ത് ആറ് റണ്‍സെടുത്തും ഖവാജ നാല് റണ്‍സ് നേടിയും പുറത്താവാതെ നില്‍ക്കുന്നു.

ഇംഗ്ലണ്ടിനുവേണ്ടി ബ്രോഡ്, ആന്‍ഡേഴ്‌സണ്‍, വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മൂന്ന് ടെസ്റ്റിലും വിജയിച്ച ഓസ്‌ട്രേലിയ നേരത്തേ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. 

Content Highlights: Australia vs England Ashes fourth test day one result