സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറിയുടെ മികവില്‍ എട്ടിന് 416 റണ്‍സെന്ന നിലയില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. 

രണ്ടാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെന്ന നിലയിലാണ്. ഹസീബ് ഹമീദും (2), സാക്ക് ക്രൗളിയുമാണ് (2) ക്രീസില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 403 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ടിപ്പോള്‍.

നേരത്തെ 260 പന്തില്‍ നിന്ന് 13 ബൗണ്ടറികളോടെ 137 റണ്‍സെടുത്ത ഖവാജയുടെ മികവിലാണ് ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സെടുത്തത്.

സ്റ്റീവ് സ്മിത്ത് 141 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 67 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (30), മാര്‍ക്കസ് ഹാരിസ് (38), മിച്ചല്‍ സ്റ്റാര്‍ക്ക് (34*) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.

ഇംഗ്ലണ്ടിനായി സ്റ്റ്യുവര്‍ട്ട് ബ്രോഡ് അഞ്ച് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്സണ്‍, മാര്‍ക്ക് വുഡ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlights: Australia vs England 4th Ashes Test Day 2