ചിറ്റഗോങ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ പരാജയത്തിന് ഓസ്ട്രേലിയ ബംഗ്ലാദേശിനോട് കണക്കു തീര്‍ത്തു. രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം ബാക്കിയിരിക്കെ ഏഴ് വിക്കറ്റ് വിജയത്തോടെ. ഇതോടെ രണ്ട് കളികളുടെ ടെസ്റ്റ് പരമ്പര സമനിലയിലായി (1-1). രണ്ടിന്നിങ്സിലുമായി 13 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണാണ് കളിയിലെ താരം. പരമ്പരയിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് ലിയോണും ഡേവിഡ് വാര്‍ണറും പങ്കിട്ടു.

സ്‌കോര്‍: ബംഗ്ലാദേശ് 305, 157; ഓസ്ട്രേലിയ 377, മൂന്നിന് 87.

നാലാം ദിനം ഒമ്പതിന് 377 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങ് പുനരാരംഭിച്ച ഓസീസ് റണ്ണൊന്നും കൂട്ടിചേര്‍ക്കാതെ പുറത്തായി. 72 റണ്‍സിന്റെ ലീഡ് വഴങ്ങി നാലാം ദിനം രണ്ടാമിന്നിങ്സില്‍ ബാറ്റിങ്ങ് തുടങ്ങിയ ബംഗ്ലാദേശ് ബാറ്റ്സ്മാന്‍മാര്‍ ലയണിന്റെ മുന്നില്‍ ഒരിക്കല്‍കൂടി വീണു. സ്വന്തം ബൗളര്‍മാര്‍ക്ക് വേണ്ടി കുഴിച്ച സ്പിന്‍ കുഴിയില്‍ ബംഗ്ലാദേശ് വീഴുകയായിരുന്നു. ഒന്നാമിന്നിങ്സില്‍ ഏഴു വിക്കറ്റ് പിഴുത ലിയോണ്‍ രണ്ടാംവട്ടത്തില്‍ ആറു വിക്കറ്റെടുത്ത് ആതിഥേയരുടെ പ്രതീക്ഷകള്‍ തകിടംമറിച്ചു. ല്ിയോണിനൊപ്പം രണ്ടു വിക്കറ്റെടുത്ത ഇടങ്കയ്യന്‍ സ്പിന്നര്‍ സ്റ്റീവ് ഒക്കീഫും ആതിഥേയ ബാറ്റ്സ്മാന്‍മാര്‍ക്ക് വെല്ലുവിളിയായി.

സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ സൗമ്യ സര്‍ക്കാറിനെ (9) മാറ്റ് റെന്‍ഷായുടെ കൈകളിലെത്തിച്ച് ഫാസ്റ്റ്ബൗളര്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നീട് തമീം ഇഖ്ബാല്‍ (12), ഇമ്രുല്‍ കൈസ് (15), ഷാകിബ് അല്‍ഹസന്‍ (2) എന്നിവരെ ലയണും നാസിര്‍ ഹൊസെയ്നിനെ (5) ഒക്കീഫും മടക്കിയതോടെ ആതിഥേയരുടെ തോല്‍വി ഉറപ്പായി. ആറാം വിക്കറ്റില്‍ സബ്ബീര്‍ റഹ്മാന്‍(24), മോമിനുള്‍ ഹഖ്(29) എന്നിവരെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹീം (31) സ്‌കോറുയര്‍ത്താന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഓസീസിന്റെ ആക്രമണത്തിനുമുന്നില്‍ ഒടുവില്‍ അവരും കീഴടങ്ങി. മെഹ്ദി ഹസന്‍ മിറാസാണ് (14) രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാന്‍. കമ്മിന്‍സ് രണ്ട് വിക്കറ്റെടുത്തു.

വിജയത്തിലേക്ക് 86 റണ്‍സ് മാത്രം മതിയായിരുന്ന ഓസീസ് 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് (16), ഗ്ലെന്‍ മാക്സ്വെല്‍ (25) എന്നിവര്‍ പുറത്താകാതെ വിജയത്തിലേക്ക് നയിച്ചു. റെന്‍ഷാ (22), വാര്‍ണര്‍ (8), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (16) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.