ക്വീന്‍സ്‌ലന്‍ഡ്: ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ഒന്‍പത് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 41 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. 

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി. അര്‍ധസെഞ്ചുറി നേടിയ നായിക മിതാലി രാജിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 107 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെ 63 റണ്‍സാണ് താരം നേടിയത്. യസ്തിക ഭാട്ടിയയും (35), റിച്ച ഘോഷും (32*) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസ്‌ട്രേലിയയ്ക്കായി ഡാഴ്‌സി ബ്രൗണ്‍ നാലുവിക്കറ്റ് വീഴ്ത്തിയ. സോഫി മോളിനെക്‌സ്, ഹന്ന ഡാര്‍ലിങ്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

226 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. പുറത്താവാതെ 93 റണ്‍സെടുത്ത റേച്ചല്‍ ഹൈനസും 77 റണ്‍സ് നേടിയ അലീസ ഹീലിയും തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 126 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അലീസയെ മടക്കി പൂനം യാദവ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നാലെ വന്ന നായിക മെഗ് ലാന്നിങ്ങിനെ (53*) കൂട്ടുപിടിച്ച് ഹൈനസ് ടീമിനെ വിജയത്തിലെത്തിച്ചു. 

ഈ വിജയത്തോടെ ഓസ്‌ട്രേലിയന്‍ വനിതാ ടീം പുതിയൊരു റെക്കോഡ് സ്വന്തമാക്കി. തുടര്‍ച്ചയായി 25 ഏകദിന മത്സരങ്ങളില്‍ വിജയിക്കുന്ന ആദ്യ വനിതാ ടീം എന്ന റെക്കോഡാണ് ഓസീസ് സ്വന്തം പേരില്‍ കുറിച്ചത്. പരമ്പരയിലെ അടുത്ത മത്സരം വെള്ളിയാഴ്ച നടക്കും. 

Content Highlights: Australia too good for struggling India, win by 9 wickets