മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്ന മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ 30000 കാണികളെ അനുവദിച്ച് ഓസ്‌ട്രേലിയ. 

ആദ്യം 25000 പേര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ തുടര്‍ച്ചയായി 40 ദിവസം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം കായികമന്ത്രാലയം കൈക്കൊണ്ടത്. 2020 മാര്‍ച്ചിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം കാണികള്‍ക്ക് കളി കാണാന്‍ അവസരം ലഭിക്കുന്നത്. 

കായികമന്ത്രി മാര്‍ട്ടിന്‍ പകുലയാണ് ഇക്കാര്യം അറിയിച്ചത്. ആകെ നാലുടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ഓസിസ് കളിക്കുക. ബോക്‌സിങ് ഡേ ടെസ്റ്റ് എന്ന പേരിലാണ് രണ്ടാം ടെസ്റ്റ് അറിയപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മത്സരം നിര്‍ണായകമാണ്. നായകന്‍ വിരാട് കോലി ആദ്യ ടെസ്റ്റ് കഴിയുന്നതോടെ നാട്ടിലേക്ക് മടങ്ങും. ഈ സാഹചര്യത്തില്‍ ഓസിസിനെതിരെ ടീമിന് നന്നായി വിയര്‍ക്കേണ്ടി വരും. 

കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുക. കഴിഞ്ഞ തവണ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു.   

Content Highlights: Australia to allow 30,000 fans per day at Boxing Day test